എഡിറ്റര്‍
എഡിറ്റര്‍
സഞ്ജയ് ജോഷി ബി.ജെ.പിയില്‍ നിന്നും രാജി വെച്ചു
എഡിറ്റര്‍
Friday 8th June 2012 11:20am

ന്യൂദല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷി പാര്‍ട്ടി അംഗത്വം രാജി വെച്ചു. ഇദ്ദേഹത്തിന്റെ രാജി പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരി സ്വീകരിച്ചു.

മോഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജോഷിയെ പാര്‍ട്ടി നിര്‍വ്വാഹക സമിതിയില്‍ നിന്ന് കഴിഞ്ഞ മാസം ഒഴിവാക്കിയിരുന്നു. ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്ന് ജോഷിയെ നീക്കണമെന്ന മോഡിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.

നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായി അറിയപ്പെട്ട ജോഷി ലൈംഗികാപവാദത്തെ തുടര്‍ന്ന് ഏഴുവര്‍ഷത്തോളം ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ആര്‍.എസ്.എസ്സിന്റെയും നിതിന്‍ ഗഡ്കരിയുടെയും പിന്തുണയോടെ യു.പി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ശേഷമാണ് ജോഷി മോഡിയുടെ കടുത്ത വിമര്‍ശകനായത്. ഇതേ തുടര്‍ന്ന് മോഡി ജോഷിക്കെതിരെ കടുത്ത നിലപാടെടുക്കുകയും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ലഖ്‌നൗവിലും ഡല്‍ഹിയിലും മുമ്പ് നടന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതികളിലും ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചരണത്തിലും പങ്കെടുത്തിരുന്നില്ല.

അടുത്തിടെ ജോഷിയെ അനുകൂലിച്ചും മോഡിയെ വിമര്‍ശിച്ചും അഹമ്മദാബാദിലും രാജ്‌കോട്ടിലും പോസ്റ്ററുകളുയര്‍ന്നിരുന്നു. അതേസമയം അദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജി വെച്ചെങ്കിലും ആര്‍.എസ്.എസ്സില്‍ സജീവമായി ഉണ്ടാകുമെന്നും അറിയുന്നു.

സഞ്ജയ് ജോഷിയോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം സ്വയം രാജിവെക്കുകയായിരുന്നെന്നും ബി.ജെ.പി വാക്താവ് മീനാക്ഷി ലേഖി പറഞ്ഞു.’ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ആളുകള്‍ വരുന്നതും രാജിവെക്കുന്നതുമൊക്കെ സാധാരണമാണ്. ജനാധിപത്യ രാജ്യത്ത് ഇതൊക്കെ സാധാരണമാണ്.’ ലേഖി പറഞ്ഞു.

പാര്‍ട്ടിയിലെ മോഡിയുടെ ഏകാധിപത്യ പ്രവണതയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ ആരും ഏറ്റെടുക്കേണ്ടെന്നും വ്യക്തിയേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Advertisement