ന്യുദല്‍ഹി: ദല്‍ഹിയിലെ ലോക്നായക് ആശുപത്രിയിലെ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ചു. ലോക്നാഥ് ആശുപത്രിയുടെ ഗൈനക്കോളജി വിഭാഗത്തിന്റെ അടുത്തുളള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിടെയാണ് സംഭവം.

48 വയസ്സുളള ഋഷിപാല്‍ ആണ് മരണപ്പെട്ടത്. ഋഷിപ്പാലിനൊപ്പം മറ്റ് മൂന്നു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. കഴിഞ്ഞ 35 ദിവസത്തിനിടെ പത്താമത്തെ സംഭവമാണിതെന്നും ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.


Dont Miss ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനുമുമ്പില്‍ സംഘപരിവാറുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്


ആദ്യം ഇറങ്ങിയ ഋഷിപാല്‍ മാന്‍ഹോളില്‍ നിന്നും തിരികെ വരാത്തത് കണ്ട് ബിഷാന്‍, കിരണ്‍ എന്നിവര്‍ ഓരോരുത്തരായി മാന്‍ഹോളിലേക്ക് ചെല്ലുകയായിരുന്നു. എന്നാല്‍ ഇരുവരും വിഷവായും ശ്വസിച്ച് അബോധാവസ്ഥയിലായി.

മാന്‍ഹോളില്‍ ഇറങ്ങിയ മൂവരും മടങ്ങി വരാത്തതിനാല്‍ സുമിത് എന്ന സഹപ്രവര്‍ത്തകന്‍ മാസ്‌ക് ധരിച്ച് സ്ഥലത്തെത്തി അടുത്തുളളവരെ വിവരമറിയിച്ച് മാന്‍ഹോളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണെന്നും തൊഴിലാളികളെ സുരക്ഷയില്ലാതെ മാന്‍ഹോളില്‍ ഇറക്കിയ കരാറുകാരനെ അറസറ്റ് ചെയ്തതായും സെന്‍ട്രല്‍ ഡി.സി.പി എം.എസ് രന്‍ഥാവ പറഞ്ഞു.

രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മാന്‍ഹോള്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയായിട്ടും വിഷയത്തില്‍ കൃത്യമായ നടപടി കൈക്കൊള്ളാത്ത ഭരണകൂടത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.