എഡിറ്റര്‍
എഡിറ്റര്‍
ടെന്നീസ് ഡബിള്‍സിലേക്ക് ചുവടുമാറ്റത്തിനായി സാനിയ
എഡിറ്റര്‍
Saturday 18th August 2012 11:10am

ന്യൂദല്‍ഹി: ഒരു ചുവടുമാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ടെന്നീസ് സിംഗിള്‍സ് മത്സരത്തില്‍ നിന്നും ഡബിള്‍സിലേക്ക് ചുവടുമാറാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

Ads By Google

അടുത്തിടെയുണ്ടായ നിരവധി പരിക്കുകള്‍ കരിയറിനെ ബാധിക്കുമോയെന്ന ഭയമാണ് ഡബിള്‍സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സാനിയയുടെ തീരുമാനത്തിന്‌ പിന്നിലെന്നാണ് അറിയുന്നത്.

‘പരിക്കുകള്‍ എന്നെ വലയ്ക്കുന്നുണ്ട്. ഒരു മാറ്റത്തിന് സമയമായെന്ന് തോന്നുന്നു. ഒളിമ്പിക്‌സ് മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സുമൊത്തുള്ള കൂട്ടുകെട്ട് ആസ്വദിച്ചിരുന്നു. കരിയര്‍ അവസാനിക്കുന്നതിന്‌ മുമ്പ് ഇനിയും ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടുകയാണ്‌ ലക്ഷ്യം. സ്ഥിരം ജോടിയായ മഹേഷ് ഭൂപതിക്കൊപ്പം വരും ഗ്രാന്‍സ്‌ലാമുകളില്‍ കളിക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുത്തിട്ടില്ല’-സാനിയ പറഞ്ഞു.

ഇരുപത്താറുകാരിയായ സാനിയ തന്റെ കരിയറിലെ രണ്ടു ഗ്രാന്‍സ്‌ലാം നേട്ടങ്ങളും ഡബിള്‍സിലാണ് സ്വന്തമാക്കിയത്. ഒളിമ്പിക്‌സിനുള്ള ടെന്നിസ് ടീം തിരഞ്ഞെടുപ്പില്‍ ഭൂപതി- പെയ്‌സ് തര്‍ക്കത്തില്‍ തന്നെ ബലിയാടാക്കിയതിനെതിരെ സാനിയ നേരത്തേ ശബ്ദമുയര്‍ത്തിയിരുന്നു. വിവാദങ്ങള്‍ക്കുശേഷം നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടെന്നിസ് താരങ്ങള്‍ നിരാശപ്പെടുത്തുകയും ചെയ്തു.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനാകാത്തതില്‍ നിരാശയില്ലെന്നും പങ്കെടുക്കാന്‍ കഴിഞ്ഞതുതന്നെ വലിയ നേട്ടമാണെന്നും സാനിയ പറഞ്ഞു.

Advertisement