ഗ്വാങ്ഷൂ: പതിനാറാം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. പുരുഷന്‍മാരുടെ ടെന്നിസ് ഡബിള്‍സില്‍ സോംദേവ് ദേവ് വര്‍മന്‍-സനംകൃഷ്ണന്‍ സിംഗ് സഖ്യമാണ് ടെന്നിസ് വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യസ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി ഉയര്‍ന്നു.

നേരത്തേ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ സാനിയ മിര്‍സ-വിഷ്ണുവര്‍ധന്‍ സഖ്യം വെള്ളി നേടിയിരുന്നു . ഫൈനലില്‍ തായ്‌പേയ് സഖ്യത്തോട് തോല്‍ക്കുകയായിരുന്നു.

അതിനിടെ ടെന്നിസില്‍ ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്‍മന്‍ ഫൈനലിലെത്തിയിട്ടുണ്ട്. ജപ്പാന്റെ ടറ്റ്‌സ്‌മോ ഇറ്റോയെയാണ് സോംദേവ് തോല്‍പ്പിച്ചത്. പുരഷന്‍മാരുടെ ഡബിള്‍സിലും സോദേവ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഡബിള്‍സില്‍ സനംസിങാണ് സോംദേവിന്റെ പങ്കാളി.

അമ്പെയ്ത്തില്‍ ജയന്ത തലൂക്ദര്‍, രാഹുല്‍ ബാനര്‍ജി, ചാമ്പിയ എന്നിവരടങ്ങുന്ന സഖ്യം വെങ്കലം നേടി. പ്ലേഓഫില്‍ കരുത്തരായ ചൈനീസ് തായ്‌പേയി ടീമിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. സ്‌കോര്‍220-218.

ബോക്‌സിംഗില്‍ സ്വര്‍ണനേട്ടം പ്രതീക്ഷിക്കുന്ന മേരികോം ഫൈനലിലെത്തി. വിയറ്റ്‌നാമിന്റെ പിന്‍മെങ് ചിയാണ് ഇന്ത്യന്‍ താരത്തിന്റെ കൈക്കരുത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ചത്. അതിനിടെ അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ മലയാളിതാരം ഹംസ ചാത്തോളിയും സന്ദീപ് കരണ്‍സിംഗും ഫൈനല്‍റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.