Sania-Vesnina പാരീസ്: സാനിയ മിര്‍സ-എലേന വെസ്‌നിന സഖ്യം ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോപ് സീഡായ അര്‍ജന്റീനയുടെ ഗിസേല ഡള്‍കോ, ഇറ്റലിയുടെ ഫ്‌ളോവിയ പെന്നേറ്റ സഖ്യത്തെയാണ് ഇന്ത്യ-റഷ്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ മിര്‍സ-എലേന വെസ്‌നിന സഖ്യത്തിന്റെ വിജയം. സ്‌കോര്‍ (6-0, 7-5). ആദ്യ സെറ്റ് പൂര്‍ണ്ണമായും കൈയിലൊതുക്കുകയായിരുന്നു സാനിയ-വെസ്‌നിന സഖ്യം. രണ്ടാം സെറ്റില്‍ ഗിസേല-ഫ്‌ളോവിയ സംഖ്യം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 7-5 എന്ന നിലയില്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു ഇന്ത്യ-റഷ്യന്‍ സഖ്യം.

സാനിയ മിര്‍സ ആദ്യമായാണ് വനിത ഡബിള്‍സില്‍ ഗ്രാന്‍ഡ്സ്ലാം സെമിഫൈനലില്‍ എത്തുന്നത്. നേരത്തെ 2007ലെ യു.എസ് ഓപ്പണിലും 2008ലെ വിംബിള്‍ഡണിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെ എത്തിയിരുന്നു.