ന്യൂദല്‍ഹി: പരിക്ക് വീണ്ടും സാനിയയെ വലയ്ക്കുന്നു. കാല്‍ മുട്ടിനു പരിക്കേറ്റ സാനിയക്ക് ആറാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ഡോക്്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കി. ഇതോടെ ഡബ്ല്യുടിഎ സര്‍ക്യൂട്ട് സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ സാനിയക്ക് പങ്കെടുക്കാന്‍ കഴിയില്ല.

യുഎസ് ഓപ്പണ്‍ ഡബിള്‍സ് മൂന്നാം റൗണ്ട് മത്സരത്തിനിടെയാണ് സാനിയക്ക് പരിക്കേറ്റത്. മത്സരത്തില്‍ സാനിയയും പാര്‍ടണര്‍ റഷ്യയുടെ എലേന വെസ്‌നിനയും ചേര്‍ന്ന സഖ്യം തോറ്റിരുന്നു. കഴിഞ്ഞ കുറച്ചു സീസണുകളിലായി പരുക്ക് സാനിയയെ വിടാതെ പിന്തുടരുന്നുണ്ട്.

കൈക്കുഴയ്‌ക്കേറ്റ പരുക്കിനെതുടര്‍ന്ന് ദീര്‍ഘകാലം കളിക്കളത്തില്‍നിന്ന് വിട്ട് നിന്ന സാനിയ കഴിഞ്ഞ വര്‍ഷം ശക്തമായ തിരിച്ച് വരവ് നടത്തുകയായിരുന്നു. 2011 സീസണില്‍ തന്റെ റാങ്കിങ്ങ് 166ല്‍ നിന്ന് 64 ആയി മെച്ചപ്പെടുത്താന്‍ സാനിയക്ക് കഴിഞ്ഞിരുന്നു.

സാനിയയും റഷ്യയുടെ എലേന വെസ്‌നിനയും ചേര്‍ന്ന സഖ്യം വനിതാ ഡബ്ബിള്‍സിലെ മുന്‍ നിര താരങ്ങളാണ്. നിലവില്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഇന്തോ-റഷ്യന്‍ ജോഡികള്‍. യുഎസ് ഓപ്പണിനു ശേഷം എട്ട് ഡബ്ല്യുടിഎ ടൂര്‍ണമെന്റുകള്‍ നടക്കാനുണ്ട്.

സാനിയയും വെസ്‌നിനയും ചേര്‍ന്ന സഖ്യം മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഇവേറ്റ ബെനസോവ, ബാര്‍ബറ സഹലനോവ സഖ്യത്തോടാ തോറ്റാണ് പുറത്തായത്. വനിതാ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.