ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഡബിള്‍സ് ലോക റാങ്കിംഗില്‍ കരിയറിലാദ്യമായി ആദ്യ പത്തിലിടം നേടി. പുതിയ എ.ടി.പി ടെന്നീസ് റാങ്കിംഗ് ലിസ്റ്റില്‍ സാനിയയും കൂട്ടുകാരി റഷ്യയുടെ എലേന വെസ്‌നിനയും ചേര്‍ന്ന സംഖ്യം വനിതകളുടെ ഡബിള്‍സ് ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്താണ്. യുഎസ് ഓപ്പണിലെ മികച്ച പ്രകടനമാണ് റാങ്കിംഗില്‍ മുന്നേറാന്‍ സാനിയക്ക് തുണയായത്. യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടിലെത്തിയിരുന്നു സാനിയ – വെസ്‌നീന സഖ്യം.

ഈ കലണ്ടര്‍ വര്‍ഷം സാനിയ മൂന്ന ഡബിള്‍സ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വെന്‍സ്, കാര്‍ലസ്റ്റണ്‍, കോളേജ് പാര്‍ക്ക് ഡബ്ബിള്‍സ് കിരീടങ്ങളാണ് സാനിയ കൂട്ടുകാരോടൊപ്പം ഉയര്‍ത്തിയത്. ഇന്ത്യന്‍ വെന്‍സിലും, കാര്‍ലസ്റ്റണിലും വെസനിനയും, കോളേജ് പാര്‍ക്കില്‍ കസാക്കിസ്താന്റെ യാരോസ് ലോവ ഷെഡോവയും ആയിരുന്നു സാനിയക്ക് കൂട്ട്.

അതേസമയം സിംഗിള്‍സില്‍ സാനിയയുടെ റാങ്കിങ് പിന്നോട്ട് പോയ്. പുതിയ ലിസ്റ്റില്‍ എണ്‍പത്തിയൊന്നാം സ്ഥാനത്താണ് സാനിയ. യു.എസ് ഓപ്പണ്‍ ആരംഭിക്കുന്നതിന് മുമ്പ് അറുപത്തിനാലാം സ്ഥാനത്തായിരുന്നു. ചാംപ്യന്‍ഷിപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായതാണ് സാനിയക്ക് വിനയായത്.

എടിപി ഡബിള്‍സ് റാങ്കിംഗില്‍ ആദ്യ പത്തിലിടം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് സാനിയ. മഹേഷ് ഭൂപതി(6), ലിയാന്‍ഡര്‍ പെയ്‌സ്(8),രോഹന്‍ ബൊപ്പണ്ണ(9) എന്നിവരാണ് ആദ്യ പത്തുസ്ഥാനങ്ങളിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.