ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ മഹേഷ് ഭൂപതി – സാനിയ മിര്‍സ സഖ്യം പുറത്തായി. ആദ്യ റൗണ്ടില്‍ തന്നെ ചെക്ക് ജോഡികളോട് തോറ്റാണ് ഇന്ത്യന്‍ സംഖ്യം പുറത്തായത്. സ്‌കോര്‍: 6-3, 7-6(5).

ടൂര്‍ണ്ണമെന്റിലെ ആറാം സീഡുകളായ ഇന്ത്യന്‍ സംഖ്്യം ചെക്ക്‌റിപ്പബ്‌ളിക്കിന്റെ ലൂസി ഹ്രദേക്ക- ഫ്രാന്റിസെക് സെര്‍മാക്ക് സഖ്യത്തോടാണ് കീഴടങ്ങിയത്. 2009ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട ജേതാക്കളായ സാനിയ- ഭൂപതി സഖ്യം സീഡു ചെയ്യപ്പെടാത്ത ചെക്ക് സഖ്യത്തോടു കീഴങ്ങിയത് അപ്രതീക്ഷിതമായി.

പുരുഷ വിഭാഗം ഡബ്ബിള്‍സില്‍ ഇന്ത്യയുടെ സോംദേവ് വര്‍മ്മനും ഫിലിപ്പന്‍ പാര്‍ട്ണര്‍ ട്രീറ്റ് കോര്‍ണറും റഷ്യയുടെ ഇഗോര്‍ ആന്‍ഡ്രീവ്, ഇഗോര്‍ കുനിറ്റ്‌സന്‍ സംഖ്യത്തെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തിയെട്ടുണ്ട്. സ്‌കോര്‍: 6-3, 6-4. സിംഗിള്‍സില്‍ സോംദേവ് ആദ്യറൗണ്ടില്‍ തന്നെ ആന്‍ഡി മുറെയോട് തോറ്റ് പുറത്തായിരുന്നു.

നേരത്തെ വനിതാ സിംഗിള്‍സില്‍ നിന്നും സാനിയ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇസ്രായേലിന്റെ സഹര്‍ പീറിനോടായിരുന്നു സാനിയയുടെ തോല്‍വി. എന്നാല്‍ വനിതാ ഡബ്ബിള്‍സില്‍ സാനിയയും കൂട്ടുകാരി റഷ്യയുടെ എലേന വെസ്‌നിനയും ചേര്‍ന്ന ജോഡി രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. പുരുഷ വിഭാഗം ഡബ്ബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സുമൊത്ത് ഭൂപതിയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.