Categories

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍: സി.പി.ഐ (മാവോയിസ്റ്റ്)

 


ബംഗളൂരു: ജനകീയ പോരാട്ടങ്ങളുടെ വായ്മൂടി കെട്ടുന്നതിന് വേണ്ടി സംഘപരിവാര്‍ നടപ്പിലാക്കിയ കൊലയാണ് ഗൗരി ലങ്കേഷിന്റെതെന്നും കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് തരംതാണ നടപടിയാണെന്ന് സി.പി.ഐ മാവോയിസ്റ്റ്.

സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി വക്താവ് അഭയ് പുറത്തിറക്കിയ കുറിപ്പിലാണ് കൊലപാതകം സംബന്ധിച്ചുള്ള സംഘപരിവാര്‍ പ്രചരണങ്ങളെ തള്ളുന്നതായി പറയുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ശക്തികളുടെ അക്രമങ്ങള്‍ക്കെതിരെയും നിര്‍ഭയം പോരാടിയാ വ്യക്തിയായിരുന്നു ലങ്കേഷെന്ന് കുറിപ്പില്‍ പറയുന്നു.


Read more:  പെഹ്‌ലുഖാന്‍ വധം; ആറ് പ്രതികള്‍ക്കെതിരായ അന്വേഷണം രാജസ്ഥാന്‍ പൊലീസ് അവസാനിപ്പിച്ചു


2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണ അയ്യൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ്’ കന്നടയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത് മുതലാണ് വലതുപക്ഷ സംഘടനകളുടെ കണ്ണിലെ കരടായി ലങ്കേഷ് മാറിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തില്‍ പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നത് കൊലപാതകത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് പങ്കുള്ളതിന്റെ സൂചനയാണ്. ഭരണത്തിന്റെ ഭാഗമായവര്‍ക്ക് തന്നെ കൃത്യത്തില്‍ പങ്കുള്ളപ്പോള്‍ അന്വേഷണം എത്തരത്തിലാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ കേസുകള്‍ ചൂണ്ടിക്കാട്ടി കുറിപ്പ് പറയുന്നു.

ഗൗരി ലങ്കേഷിന്റെ കൊലപ്പെടുത്തിയ ശക്തികള്‍ക്കെതിരെ പോരാടുന്നതിനായി സമാന മനസ്‌കരായ എല്ലാ ജനങ്ങളും തെരുവില്‍ ഇറങ്ങണമെന്നും കുറിപ്പ് പറയുന്നു.

Tagged with: |