എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി സംരക്ഷിച്ചതിന് ധനേഷ് കുമാറിന് ‘സാഞ്ച്വറി ഏഷ്യ’ ദേശീയ അവാര്‍ഡ്
എഡിറ്റര്‍
Tuesday 27th November 2012 12:56am

തിരുവനന്തപുരം: ‘സാഞ്ച്വറി ഏഷ്യ’ എന്ന പ്രശസ്ത പരിസ്ഥിതി മാസികയുടെ ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് സര്‍വീസ് അവാര്‍ഡ് മലയാളിയായ ഡി.എഫ്.ഓ പി.ധനേഷ് കുമാറിന്.

Ads By Google

പശ്ചിമഘട്ടത്തിലെ ജൈവപ്രാധാന്യമുള്ള പ്രദേശങ്ങളില്‍ ഒന്നായ നെല്ലിയാമ്പതിയിലെ വനഭൂമി സംരക്ഷിക്കുന്നതിനും വര്‍ഷങ്ങളായി നടക്കുന്ന കയ്യേറ്റങ്ങള്‍ കണ്ടെത്തി നിയമ പോരാട്ടങ്ങളിലൂടെ ഒഴിപ്പിക്കുന്നതിനും ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി തിരിച്ചു പിടിക്കുന്നതിനും അസാമാന്യമായ ധൈര്യവും അര്‍പ്പണവും കാണിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായതിനാണ് ‘സാഞ്ച്വറി ഏഷ്യ’ ധനേഷ് കുമാറിനെ ‘വൈല്‍ഡ് ലൈഫ് സര്‍വീസ്’ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

ഇത് സംബന്ധിച്ച അറിയിപ്പ് ധനേഷ് കുമാറിന് ലഭിച്ചു. 40,000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. നവംബര്‍ 30 നു വൈകിട്ട് ബോംബെയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

ധനേഷ് കുമാര്‍ നെല്ലിയാമ്പതിയില്‍ ഡി.എഫ്.ഓ ആയി വന്നശേഷമാണ് മുപ്പതിലേറെ വര്‍ഷങ്ങളായി അവിടെ നടക്കുന്ന വനംകയ്യേറ്റവും അനധികൃത ഭൂമി വില്‍പ്പനയും കണ്ടെത്തിയതും രേഖകളെല്ലാം സര്‍ക്കാരിന് മുന്നില്‍ ഹാജരാക്കി തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയതും.

ഇതിനിടെ പലതവണ വനംമാഫിയയുടെ വധാശ്രമങ്ങളും ഭീഷണിയും നേരിട്ടെങ്കിലും രണ്ടായിരത്തിലേറെ ഏക്കര്‍ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ചു തിരിച്ചെടുത്ത ശേഷമാണ് ധനേഷ് കുമാര്‍ നെല്ലിയാമ്പതി വിട്ടത്.

വനംകയ്യേറ്റങ്ങള്‍ കണ്ടെത്തിയതിനും ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി തിരിച്ചു പിടിച്ചതിനും കഴിഞ്ഞ വര്ഷം സംസ്ഥാന സര്‍ക്കാര്‍ ധനേഷ് കുമാറിന് ഗുഡ് സര്‍വീസ് എന്ട്രി നല്‍കി ആദരിച്ചിരുന്നു. ഇപ്പോള്‍ സൌത്ത് വയനാട് ഡിവിഷനില്‍ ഡി.എഫ്.ഒ ആണ്.

Advertisement