കോഴിക്കോട്: ഫേസ്ബുക്ക് കൂട്ടായ്മയായ സഞ്ചാരികൂട്ടം ഏര്‍പ്പെടുത്തിയ പഠനോപകരണ വിതരണം കോഴിക്കോട് കളക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സഞ്ചാരിക്കൂട്ടം പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത് ‘നമ്മുടെ കുഞ്ഞിനൊപ്പം അവരും പുഞ്ചിരിക്കട്ടെ’ എന്ന സന്ദേശമുയര്‍ത്തിയാണ് സഞ്ചാരിക്കൂട്ടം പരിപാടി നടപ്പിലാക്കുന്നത്.


Also read രണ്ടു കോടിയുടെ സ്വത്ത് മക്കള്‍ക്ക് നല്‍കിയ വൃദ്ധദമ്പതികള്‍ നിത്യച്ചെലവിനായി പാടത്ത് പണിയെടുക്കുന്നു


ബോക്സുകളില്‍ സ്‌കൂള്‍ ബാഗ്, കുട, ഇന്‍സ്ട്രുമെന്റ് ബോക്സ്, പേന, പെന്‍സില്‍, നോട്ട്ബുക്കുകള്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ നിക്ഷേപിച്ച് പൊതുജനങ്ങളും ഇതില്‍ പങ്കാളികളായി. ബോക്‌സുകള്‍ക്ക് പുറമെ സഞ്ചാരി അംഗങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണവും പദ്ധതിക്ക് ലഭിച്ചു.


Dont miss താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്


പ്രത്യേകം ടീമിനെ തയ്യാറാക്കിക്കൊണ്ടായിരുന്നു സംഘം പഠനോപകരണങ്ങള്‍ ശേഖരിച്ചത്. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് പിന്നോക്ക മേഖലയിലെ സ്‌കൂളുകളെ തെരഞ്ഞെടുക്കുകയും പ്രധാന അധ്യാപകര്‍ വഴി വിദ്യാര്‍ത്ഥികളുടെ പട്ടിക ശേഖരിക്കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് സഞ്ചാരി കൂട്ടായ്മ പഠനോപകരണ വിതരണ പദ്ധതി ആരംഭിച്ചത്. ഇത്തവണ സംസ്ഥാനത്തൊട്ടാകെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ സമ്മാനിക്കാന്‍ കഴിയുമെന്നാണ് സഞ്ചാരി കോര്‍ ടീം അംഗങ്ങള്‍ പറയുന്നത്.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ സഞ്ചാരി ടീം അംഗങ്ങളായ പി സുരേന്ദ്രന്‍, മുനീര്‍ ഹുസൈന്‍, ധര്‍മ്മരാജ് അമ്പാടി, പി.വി നജീബ്, ഷമീര്‍ ദിഗേ, ഷൈനീജ് റഹ്മാന്‍, ഹാഫിസ് പൊന്നേരി, സുനീഷ് കടലുണ്ടി എന്നിവര്‍ പങ്കെടുത്തു.

ഇന്ത്യയിലും വിദേശത്തുമായി 22 ഓളം യൂണിറ്റുകളുള്ള ഫെയ്സ്ബുക്കിലെ യാത്രാ സ്നേഹികളുടെ കൂട്ടായ്മയാണ് സഞ്ചാരി. ഫെയ്സ് ബുക്കും മറ്റു സമൂഹമാധ്യമ കൂട്ടായ്മകളും നേരം പോക്കല്ലെന്നും സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പുതിയ തലങ്ങള്‍ തുറന്നിടാനും കഴിയുമെന്ന് കാണിച്ചുകൊടുക്കുകയാണ് ഈ സഞ്ചാരിക്കൂട്ടം.