എഡിറ്റര്‍
എഡിറ്റര്‍
വേദികളിലേക്ക് ഞാനില്ല, കാണികള്‍ക്കിടയിലുണ്ടാവും; സ്വീകരണമൊരുക്കി കാത്തിരിക്കുന്നവരോട് സനല്‍കുമാര്‍ ശശിധരന്‍
എഡിറ്റര്‍
Friday 17th February 2017 10:20am


‘അവന്‍ വല്യ ആളായിപ്പോയി’ എന്ന് കുറ്റപ്പെടുത്തലുണ്ടാവുമെന്നറിയാം.


സ്വീകരണങ്ങള്‍, ഉദ്ഘാടനങ്ങള്‍, ആദരിക്കല്‍ ചടങ്ങുകള്‍, മുഖ്യ അതിഥിയാക്കല്‍ തുടങ്ങിയ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിന് ഹിവോസ് ടൈഗര്‍ പുരസ്‌കാരം ലഭിച്ച പശ്ചാത്തലത്തില്‍ തനിക്കു സ്വീകരണമൊരുക്കി കാത്തിരിക്കുന്നവരോടായാണ് സനല്‍കുമാര്‍ ഇങ്ങനെ പറയുന്നത്.

വേദികളില്‍ താനുണ്ടാവില്ലെങ്കിലും പഴയപോലെ സദസുകളിലും കാണികള്‍ക്കിടയിലും താനുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു.

‘നാട്ടിലെത്തിയാലുടന്‍ പങ്കെടുപ്പിക്കാന്‍ പലവിധചടങ്ങുകളൊരുക്കി കാത്തിരിക്കുന്ന സുഹൃത്തുക്കളെല്ലാം ക്ഷമിക്കുമെന്ന് കരുതുന്നു. നമുക്ക് ഫുട്പാത്തുകളില്‍ കണ്ടുമുട്ടാം’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

അതേസമയം കാഴ്ചയുടേയും സിനിമാവണ്ടിയുടേയും എല്ലാ പരിപാടികളിലും കഴിയുന്നിടത്തോളം പഴയതിലും കൂടുതല്‍ സജീവമാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നുണ്ട്.


Also Read:പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് ജി. സുധാകരന്‍ 


‘അവന്‍ വല്യ ആളായിപ്പോയി’ എന്ന് കുറ്റപ്പെടുത്തലുണ്ടാവുമെന്നറിയാം. എന്നാല്‍ ഏറെക്കുറവുകളുള്ള താനെന്ന ചെറിയ ആളിനുമേല്‍ അമിത വലുപ്പത്തിലുള്ള ഒരു ഇമേജ് വന്നുവീഴുന്നുണ്ട് എന്ന തോന്നല്‍കൊണ്ടു കൂടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവെലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയായിരുന്നു.

സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നടത്തിയെടുക്കാന്‍ വലിയ പ്രയാസമുള്ള ഒരു തീരുമാനമെടുക്കുകയാണ്. ആദരിക്കല്‍ ചടങ്ങുകള്‍, സ്വീകരണങ്ങള്‍, ഉദ്ഘാടനങ്ങള്‍, മുഖ്യ അതിഥിയാക്കല്‍ തുടങ്ങിയ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മനസ് കുറേക്കാലമായി പറയുന്നു. സുഹൃത്തുക്കളുടെ മുഖം കറുപ്പിക്കുന്ന ഇടപാടാണെങ്കിലും അത് ചെയ്യാതിരിക്കാന്‍ വയ്യ. അതേ സമയം കാഴ്ചയുടേയും സിനിമാവണ്ടിയുടേയും എല്ലാ പരിപാടികളിലും കഴിയുന്നിടത്തോളം പഴയതിലും കൂടുതല്‍ സജീവമാകും. യാത്രചെയ്യാനും സിനിമകാണാനും സമയം കണ്ടെത്തുകയും വേണം. ‘അവന്‍ വല്യ ആളായിപ്പോയി’ എന്ന് കുറ്റപ്പെടുത്തലുണ്ടാവുമെന്നറിയാം. സത്യത്തില്‍ അമിതവലുപ്പത്തിലുള്ള ഒരു ഇമേജ് ഏറെക്കുറവുകളുള്ള ഞാനെന്ന ചെറിയ ആളിനുമേല്‍ വന്നുവീഴുന്നുണ്ട് എന്ന തോന്നല്‍ കൊണ്ടുകൂടിയാണ് ഈ തീരുമാനം. വേദികളിലില്ലെങ്കിലും പഴയപോലെ സദസുകളിലും കാണികള്‍ക്കിടയിലും ഉണ്ടാകും. നാട്ടിലെത്തിയാലുടന്‍ പങ്കെടുപ്പിക്കാന്‍ പലവിധചടങ്ങുകളൊരുക്കി കാത്തിരിക്കുന്ന സുഹൃത്തുക്കളെല്ലാം ക്ഷമിക്കുമെന്ന് കരുതുന്നു. നമുക്ക് ഫുട്പാത്തുകളില്‍ കണ്ടുമുട്ടാം

Advertisement