ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായിരുന്ന സംയുക്താ വര്‍മ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തോടെ മലയാള സിനിമയോട് വിടപറഞ്ഞ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Ads By Google

തന്റെ തിരിച്ചുവരവിന് ഭര്‍ത്താവ് ബിജു മേനോന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് താരം പറയുന്നു. അതേസമയം സംയുക്തയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവെന്നും വാര്‍ത്തയുണ്ട്.

കാമുകിയായും അമ്മയായും കുടുംബിനിയായും മലയാള സിനിമയില്‍ തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ സംയുക്ത ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയിട്ടുണ്ട്.

മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബിജുമേനോന്‍ സംയുക്ത ജോഡി വിജയമായിരുന്നു. മലയാള സിനിമയില്‍ വീണ്ടും ഈ ജോഡികള്‍ എത്തുമെന്ന് തന്നെയുള്ള പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേക്ഷകര്‍.

അതേസമയം കുടുംബിനിയുടെ വേഷമായിരിക്കും ഇനിവരുന്ന സിനിമയില്‍ സംയുക്ത ഏറ്റെടുക്കുകയെന്നാണ് അറിയുന്നത്. കുബേരന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, വണ്‍ മാന്‍ ഷോ, മേഘമല്‍ഹാര്‍, തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സംയുക്തയ്ക്ക് സാധിച്ചിട്ടുണ്ട്.