കണ്ണൂര്‍: മലയാളത്തിന്റെ ശാലീനനായിക സംവൃത സുനില്‍ വിവാഹിതയായി. ഇന്ന് രാവിലെ 10.30 നും 11 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് വാസവ ക്ലിഫ് ഹൗസിലായിരുന്നു വിവാഹം.

Ads By Google

കാലിഫോര്‍ണിയയിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയില്‍ എന്‍ജിനീയറായ കോഴിക്കോട് ചേവരമ്പലത്തെ അഖില്‍രാജാണ്‌ വരന്‍. സംവിധായകരായ ലാല്‍ ജോസ്, രഞ്ജിത്ത്, നടിമാരായ ആന്‍ അഗസ്റ്റിന്‍, മീരാനന്ദന്‍, മുന്‍മന്ത്രി പി.കെ. ശ്രീമതി തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

സിനിമ പ്രവര്‍ത്തകര്‍ക്കായി നവംബര്‍ ആറിന് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. നവംബര്‍ 21-ന് ഭര്‍ത്താവിനൊപ്പം സംവൃത കാലിഫോര്‍ണിയയിലേക്ക് പോകും.

മാസങ്ങള്‍ക്ക് മുമ്പ് സംവൃതയും അഖില്‍രാജും തമ്മിലുള്ള വിവാഹം കോഴിക്കോട് ആര്യസമാജത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കണ്ണൂരിലെ ഇന്ത്യാ ഹൗസ് ഹോട്ടല്‍ ഉടമ ചാലാട്ടെ സുനില്‍ കുമാറിന്റെയും സാധനയുടെയും മൂത്ത മകളാണ്‌ സംവൃത. ചേവരമ്പലത്തെ ജയരാജ്-പ്രീത ദമ്പതികളുടെ മകനാണ് അഖില്‍.

വിവാഹത്തിന് മുമ്പുള്ള സംവൃതയുടെ അവസാന ചിത്രമായ ‘101 വെഡ്ഡിംഗ്’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. സമൂഹവിവാഹത്തിന്റെ കഥ പറയുന്ന സിനിമയാണിത്.