റോം: ഇറ്റാലിയന്‍ കപ്പ് ഇന്റര്‍മിലാന്‍ സ്വന്തമാക്കി. കലാശപ്പോരാട്ടത്തില്‍ പാലെര്‍മോയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് ഇന്റര്‍ കിരീടംചൂടിയത്.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ സാമുവല്‍ ഏറ്റുവിന്റെ ഇരട്ടഗോള്‍ നേട്ടമാണ് ഇന്ററിന് വമ്പന്‍ജയം സമ്മാനിച്ചത്. കളിയുടെ ഗതിക്കെതിരേ ആദ്യം ഗോള്‍ നേടിയത് ഇന്ററായിരുന്നു. സ്‌നൈഡറുടെ പാസില്‍ നിന്നും ഏറ്റൂ ആദ്യഗോള്‍ നേടി. തുടര്‍ന്ന് എഴുപത്തിയാറാം മിനുറ്റില്‍ ഏറ്റു തന്റെ രണ്ടാംഗോള്‍ കണ്ടെത്തി. കളിതീരാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കേ മിലീറ്റോ പാലെര്‍മോയുടെ വലയില്‍ അവസാന ഗോളും അടിച്ചുകയറ്റി.

ഏസ്‌ക്വില്‍ മുനോസ് ആണ് പാലെര്‍മോയുടെ ഏകഗോള്‍ നേടിയത്. ഇത് നാലാംതവണയാണ് ഇന്റര്‍ കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞസീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം ചൂടിയ ഇന്ററിന് ഇത്തവണ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായിരുന്നില്ല.