ലണ്ടന്‍: സാംസങ്ങിന്റെ സൂപ്പര്‍ഫോണായ ‘ഗാലക്‌സി എസി’ന്റെ മൂന്നാംപതിപ്പ് Galaxy S 3 പുറത്തിറങ്ങി. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് സാംസങ്ങിന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ് 3 പുറത്തിറക്കിയത്.

ഐ.ഫോണിന്റെ ഏറ്റവും വലിയ എതിരാളിയെന്ന നിലയിലാണ് ഗാലക്‌സി എസ് 3യെ കാണുന്നത്. യൂറോപ്പില്‍ മെയ് 29 മുതലും യു.എസില്‍ ഈ വേനല്‍ക്കാലം മുതലും എസ്3 വില്‍പ്പനയ്‌ക്കെത്തുമെന്ന് സാംസങ്ങ് അറിയിച്ചു.

സാംസങിന്റെ ക്വാഡ്‌കോര്‍ പ്രൊസസറാണ് ‘ഗാലക്‌സി എസ് 3 യ്ക്കു കരുത്തേകുന്നത്. 1.4 ജിഗാഹെട്‌സാണ് ‘ഗാലക്‌സി എസ് 3’ നെ വേറിട്ട അനുഭമാക്കുന്നുത്. 4.8 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് സ്‌ക്രീന്‍, ഹൈഡെഫിനിഷന്‍ അനുഭവം പ്രധാനംചെയ്യുന്ന 720 പി റസല്യൂഷന്‍, 1 ജിബി റാം, 16/23 ജിബി സ്റ്റോറേജ്, 8 എംപി കാമറ, വൈഫൈ, 3ജി എന്നിവയാണ് ‘ഗാലക്‌സി എസ് 3’യുടെ പ്രത്യേകതകള്‍.

133 ഗ്രാമാണ് ഫോണിന്റ ഭാരം. ഉപയോഗിക്കുന്നയാളുടെ കണ്ണുകളുടെ ചലനം തിരിച്ചറിയാനുള്ള കഴിവാണ് ഗാലക്‌സി എസ് 3 ന്റെ സവിശേഷതയായി കമ്പനി എടുത്തുപറയുന്നത്. ഐഫോണുകളിലെ സിരിയ്ക്കു സമാനമായ സാംസങ്ങിന്റെ എസ് വോയിസ് ആപ്ലിക്കേഷനും ഗാലക്‌സി എസ് 3 യില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഗാലക്‌സി ഫോണുകളുടെ ബലത്തില്‍ ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന സ്ഥാനം സാംസങ്ങ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കുത്തകകളായ ആപ്പിളിനെയാണ് സാംസങ്ങ് പിന്നിലാക്കിയത്. ഗാലക്‌സി പരമ്പരയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനിയെ ഇത്ര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാഹായിച്ചത്.

Malayalam News

Kerala News in English