ദക്ഷിണകൊറിയ: ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ സാംസങിനുമേല്‍ ദക്ഷിണകൊറിയന്‍ കോടതി 5.5 ദശലക്ഷം ഡോളര്‍ പിഴചുമത്തി. സാംസങിന്റെ മുന്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ്  കോടതിയുടെ ഈ നടപടി.

Ads By Google

ഈ തുക പരാതിക്കാരന് നല്‍കുവാനാണ് കോടതി കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1991-95 കാലത്ത് സാംസങിലെ ജീവനക്കാരനായിരുന്ന ചൂങ് എന്ന വ്യക്തിയാണ് സാംസങിനെതിരെ പരാതി നല്‍കിയത്. ദക്ഷിണകൊറിയന്‍ നിയമ വ്യവസ്ഥയില്‍ പരാതിക്കാരന്റെ പൂര്‍ണ്ണവിവരങ്ങള്‍ പുറത്തുവിടണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല.

അതിനാലാണ് ചൂങിന്റെ മുഴുവന്‍ പേര് പുറത്ത് വിടാത്തത്.  താന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് സാംസങ് ലൂക്രെറ്റീവ് ടി.വികള്‍ വികസിപ്പിച്ചതെന്നും ഇതിന് ആവശ്യമായ പ്രതിഫലം തനിക്ക് ലഭിച്ചില്ലെന്നുമുള്ളതായിരുന്നു പരാതി.

ഇതുപോലെ തന്റെ 20 കണ്ടുപിടുത്തങ്ങള്‍ സാംസങ് ഉപയോഗിക്കുന്നതായും ഇയാള്‍ കുറ്റപ്പെടുത്തുന്നു. സോള്‍ സെന്‍ട്രല്‍ ജില്ലാ കോടതിയാണ് ഇപ്പോള്‍ ചൂങ്ങിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഒരു സാങ്കേതിവിദ്യയുടെ നിര്‍മ്മാതാവിന് അത് ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ലാഭത്തിന്റെ പത്ത് ശതമാനം അവകാശപ്പെട്ടതാണെന്ന് കോടതി വിധിയില്‍ പറഞ്ഞു.

എന്നാല്‍ ഈ കേസില്‍ സാംസങ് അപ്പീലിന് പോകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.