എഡിറ്റര്‍
എഡിറ്റര്‍
സമസ്ത ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സാഹിത്യ സമാജം ഉദ്ഘാടനവും മൌലിദ് മജ്‌ലിസും സംഘടിപ്പിച്ചു
എഡിറ്റര്‍
Monday 27th January 2014 1:53pm

samastha1

മനാമ: ‘മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മനാമയില്‍ നടത്തുന്ന പ്രതിവാര സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനവും മൌലിദ് മജ്‌ലിസും സംഘടിപ്പിച്ചു.

സമസ്ത കോ ഓര്‍ഡിനേറ്ററും ഖുര്‍ആന്‍ ക്ലാസ്സ് അദ്ധ്യാപകനുമായ  വണ്ടൂര്‍ മൂസ മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

മനുഷ്യര്‍ക്കിടയില്‍ അസൂയ വെക്കാന്‍ അനുവാദം നല്‍കിയ കാര്യങ്ങള്‍ രണ്ടെണ്ണം മാത്രമാണെന്നും അതില്‍ പെട്ടതാണ് വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നതെന്നും അതിനായി മത്സരങ്ങള്‍ ആവാമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.

മറ്റു കാര്യങ്ങളിലൊന്നും അസൂയ വെക്കുന്നത് അനുവദനീയമല്ല, അതു നിങ്ങളെ നശിപ്പിക്കും എന്നാണ് തിരുവചനം.

മറ്റുള്ളവരുടെ അനുഗ്രഹങ്ങള് നീങ്ങിപോകാന്‍ ആഗ്രഹിക്കുന്നതാണ് കപടവിശ്വാസിയുടെ അസൂയ, എന്നാല്‍ സത്യവിശ്വാസികളുടെ അസൂയ എന്നത് കൊതിക്കല്‍(ഗിബ്തത്ത്) ആണ്.

അഥവാ മറ്റുള്ളവര്‍ക്ക് ലഭിച്ചത് നിലനില്‍ക്കുന്നതോടൊപ്പം അതുപോലെ തനിക്കും ലഭിക്കുകയും അതു കൊണ്ട് കൂടുതല്‍ നല്ലത്
ചെയ്യണം എന്നാഗ്രഹിക്കലുമാണ്–തങ്ങള്‍ വിശദീകരിച്ചു.

ചടങ്ങില്‍ എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു, മൌലിദ് മജ്‌ലിസിന് സമസ്ത നേതാക്കള്‍ക്കൊപ്പം ഉമറുല്‍ ഫാറൂഖ് ഹുദവി, വണ്ടൂര്‍ മൂസ മൌലവി, ഉബൈദുല്ല റഹ്മാനി എന്നിവര്‍ നേതൃത്വം നല്കി.

സാഹിത്യ സമാജം ഉദ്ഘാടന സെഷനില്‍ യൂസുഫ് പ്രഭാഷണവും ആബിദ്, ആമിര്‍, റഊഫ് എന്നിവര്‍ ഗാനാലാപനവും നടത്തി. മുസ്ഥഫ പാനൂര്‍ സ്വാഗതഗാനം ആലപിച്ചു. കണ്‍വീനര്‍ ഒ.വി. അബ്ദുല്‍ വാഹിദ് സ്വാഗതവും ജോ.കണ്‍. റിയാസ് നന്ദിയും പറഞ്ഞു.

Advertisement