എറണാകുളം: സമ്പത്ത് കസ്റ്റഡി മരണം അന്വേഷിച്ച ഡി.വൈ.എസ്.പിയെ മരിച്ച നിലയില്‍ കണ്ടെത്തി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്.പി ഹരിദത്തിനെയാണ് എറണാകുളം ഞാറക്കലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹരിദത്തിന്റേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് വീട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

കുറച്ചു ദിവസമായി മെഡിക്കല്‍ ലീവിലായിരുന്നു ഹരിദത്ത്. സമ്പത്ത് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഹരിദത്ത് കടുത്ത സമ്മര്‍ദ്ദവും ഭീഷണിയുടെ നേരിട്ടിരുന്നു. വധ ഭീഷണിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഹരിദത്തിന് സായുധ പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

കണ്ടെടുത്ത ആത്മഹത്യാകുറിപ്പ് ഹരിദത്തിന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ചില ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പിലുണ്ടെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

2011 മാര്‍ച്ച് 29നാണ് പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. പൂത്തൂരില്‍ പട്ടാപ്പകല്‍ ഷീലയെ കഴുത്തറത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായിരുന്നു സമ്പത്ത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് സമ്പത്ത് മരണപ്പെട്ടതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമാണ് സമ്പത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.

സമ്പത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ത്തിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായാണ് സി.ബി.ഐ നിലപാട് സ്വീകരിച്ചത്. സി.ബി.ഐ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Malayalam news

Kerala news in English