വലിയൊരപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് സമീര റെഡ്ഡി. അപകടം എന്നത് കേട്ടിട്ട് റോഡപകടമോ, വിമാനാപകടമോ എന്ന് ചോദിക്കേണ്ട. രണ്ടുമല്ല. അതിലും ഭീകരമാണ് കാര്യം.

പട്‌നയില്‍ ഗാന്ധിമൈതാനത്ത് ഒരു സ്റ്റേജ് പരിപാടിയ്‌ക്കെത്തിയതായിരുന്നു സമീര. പ്രത്യേക ടിക്കറ്റൊന്നും ഇല്ലാതിരുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം ജനങ്ങളും മൈതാനത്ത് തടിച്ചുകൂടിയിരുന്നുവത്രേ.

ആള്‍ക്കൂട്ടിത്തിനിടയിലുണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്റ്റേജിന് നേരെ കല്ലേറും കസേരയേറും നടന്നു. ഈ സമയത്തെല്ലാം സ്റ്റേജിന് പിന്നില്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു സമീര. പെട്ടെന്ന് ജനക്കൂട്ടം ബാരിക്കേഡുകളെല്ലാം തകര്‍ത്ത് സ്റ്റേജിന് നേരെ കുതിച്ചു.

ഉടന്‍ തന്നെ സമീര അവിടെ നിന്നും ഓടുകയായിരുന്നു. തലയില്‍ സ്‌കാര്‍ഫ് പുതച്ചതിനാല്‍ ഭാഗ്യത്തിന് ആരും തിരിച്ചറിഞ്ഞില്ല. ഓടിയോടി എങ്ങനെയോ സ്‌റ്റേജിനടുത്തുണ്ടായിരുന്ന കാറില്‍ കയറി.

സമീര എങ്ങനെയോ രക്ഷപ്പെട്ടു. എന്നാല്‍ സമീരയോടൊപ്പം നൃത്തം ചെയ്യാമെന്ന മോഹവുമായെത്തിയ പെണ്‍കുട്ടികളുടെ കാര്യമാണ് കഷ്ടം. അവരുടെ വാഹനമാണ് ജനക്കൂട്ടത്തിന്റെ കണ്ണില്‍ പെട്ടത്. ഇവരുടെ സുരക്ഷയ്ക്കുവേണ്ടി അന്ന് രാത്രി നഗരത്തില്‍ ഒരു ഹോട്ടല്‍ റൂമില്‍ ഉറക്കമിളച്ച് ഇരിക്കേണ്ടിവന്നതൊഴിച്ചാല്‍ ദൈവസഹായം കൊണ്ട് കാര്യമായി ഒരു പ്രശ്‌നവും പറ്റിയില്ലെന്നാണ് സമീര പറയുന്നത്.

എന്തായാലും ഇനി കുറച്ചുകാലം സമീര പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ മടിക്കും.