Categories

സമ്പത്തിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു: സി.ബി.ഐ

കൊച്ചി: പൂത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്തിനെ പോലീസ് അഞ്ച് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചു. ലാത്തി, റബ്ബര്‍ ദണ്ഡ്, തുണിയില്‍ പൊതിഞ്ഞ ഇഷ്ടിക എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചു. സമ്പത്തിനെ പോലീസ് ബൂട്ടിട്ട് ചവിട്ടിയെന്നും കൊച്ചി സി.ജെ.എം കോടതിക്കു മുമ്പാകെ സി.ബി.ഐ അറിയിച്ചു.

മലമ്പുഴയിലുള്ള രഹസ്യ സ്ഥലത്ത് എത്തിക്കാന്‍ ഡിവൈഎസ്പി സി.കെ രാമചന്ദ്രനാണ് നേതൃത്വം നല്‍കിയത്. മര്‍ദനത്തിന് നേതൃത്വം നല്‍കിയതും രാമചന്ദ്രനാണ്. ഒരു ദിവസം മുഴുവനും ഭക്ഷണമോ വെള്ളമോ നല്‍കാതെ സമ്പത്തിനെ മര്‍ദ്ദിച്ചുവെന്നും സി.ബി.ഐ പറഞ്ഞു.

പ്രതികള്‍ക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും കോടതിയോട് സി.ബി.ഐ ആവശ്യപ്പെട്ടു. പ്രതികള്‍ ഉന്നത ബന്ധമുള്ളവരാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും സി.ബി.ഐ വ്യക്തമാക്കി.

അതേസമയം കേസ് അന്വേഷണത്തിന്റെ പേരില്‍ സി.ബി.ഐ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്‌റ്റേഷന്‍ എസ്.ഐമാരായ ഒന്നാം പ്രതി പി.വി രമേഷ് (36), രണ്ടാം പ്രതി ടി.എന്‍ ഉണ്ണികൃഷ്ണന്‍ (38), ഒമ്പതാം പ്രതി പാലക്കാട് ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ കോണ്‍സ്റ്റബിള്‍ എ.ഡി ശ്യാമപ്രസാദ്(40), 14ാം പ്രതി ഡിവൈ.എസ്.പി സി.കെ രാമചന്ദ്രന്‍ എന്നിവരെ ഏപ്രില്‍ 11 വരെ കസ്റ്റഡിയില്‍ വിട്ടു.

2010 മാര്‍ച്ച് 23ന് പുത്തൂര്‍ സായൂജ്യം വീട്ടിലെ ഷീല എന്ന വിട്ടമ്മയെ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു കസ്റ്റഡിയില്‍ മരിച്ച സമ്പത്ത്. മാര്‍ച്ച് 30നാണ് സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.