പാലക്കാട്: പാലക്കാട്ടെ പുത്തൂരില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എ ഡി ജി പി നിശ്ചയിക്കും. ഇതു സംബന്ധിച്ച് ഡി ജി പി പാലക്കാട് എസ് പിക്ക് നിര്‍ദേശം നല്‍കി.

പാലക്കാട് കരിങ്കരപ്പള്ളി സ്വദേശി സമ്പത്താണ് ഇന്നലെ രാത്രി 11 മണിക്ക് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. കൊല്ലപ്പെട്ട ഷീലയുടെ മൊബൈല്‍ കടയില്‍ ജോലിക്ക് നിന്നയാളാണ് സമ്പത്ത്. മൊബൈല്‍ക്കടയിലെ ജോലിയുപേക്ഷിച്ച് ഇയാള്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്നാണ് ഇയാള്‍ തമിഴ് സംഘവുമായി ബന്ധപ്പെട്ടത്.

Subscribe Us:

കഴിഞ്ഞ ദിവസമായിരുന്നു ഇയാളുള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. കൊലപാതകത്തിന് ശേഷം കടന്ന രണ്ടുപേരെ കോയമ്പത്തൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.