കോഴിക്കോട്: സ്വന്തമായി ദിനപത്രം തുടങ്ങാന്‍ ഇ.കെ സുന്നി വിഭാഗം സമസ്തയുടെ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച കോഴിക്കോട് സമസ്ത ഓഫിസില്‍ ചേര്‍ന്ന മുശാവറയുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും യോഗമാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നിലവില്‍ സമസ്ത തങ്ങളുടെ ആശയപ്രചാരണത്തിന് ലീഗ് മുഖപത്രമായ ചന്ദ്രികയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇ.കെ വിഭാഗത്തിന്റെ എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാന്‍ ചന്ദ്രിക വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സമസ്തയുടെ 85ാം വാര്‍ഷികത്തോടനുബന്ധിച്ച് പത്രമാരംഭിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. അടുത്ത മുശാവറ യോഗത്തില്‍ പത്രസംബന്ധമായ കമ്മിറ്റിയോട് അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വന്തമായി ദിനപത്രം ആരംഭിക്കുന്നതിനായി സമസ്ത മുശാവറ ആലോചനകള്‍ ആരംഭിച്ചിട്ട് വര്‍ഷം അഞ്ചിലേറെയായി. ഇതിനായി കേന്ദ്രകമ്മിറ്റി അംഗവും മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ എം ടി അബ്ദുല്ല മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇവര്‍ പത്രമെന്ന ആശയവുമായി ഏറെ മുന്നോട്ടുപോവുകയും ജപ്പാനില്‍ നിന്ന് ആധുനിക പ്രിന്റിങ് പ്രസ് ഇറക്കുമതി ചെയ്യുന്നതിനുള്ള അവസാന ആലോചനകള്‍ വരെ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ലീഗ് നേതൃത്വവും പാണക്കാട് തങ്ങള്‍ കുടുംബവും ഇടപെട്ട് ഇതു നിര്‍ത്തിവയ്പിക്കുകയായിരുന്നു.

എ.പി വിഭാഗത്തിന് സ്വന്തമായി സിറാജ് പത്രമുണ്ട്. അതിലൂടെ ആ വിഭാഗത്തിന്റെ ആശയങ്ങള്‍ വ്യക്തമായി പറയാന്‍ കഴിയുമ്പോള്‍ തങ്ങള്‍ക്ക് ചന്ദ്രികയില്‍ ലഭിക്കുന്നത് പരിമിതമായ അവസരം മാത്രമാണെന്ന് ഇ.കെ വിഭാഗം പറയുന്നു. അടുത്തിടെയായി മുസ്‌ലിം ലീഗ് കാന്തപുരം വിഭാഗവുമായി അടുക്കാനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ്. ഈ സാഹചര്യത്തില്‍ ഇ.കെ വിഭാഗത്തിന്റെ ചട്ടുകമായി നിന്നുകൊടുക്കാന്‍ ചന്ദ്രിക തയ്യാറാകുന്നുമില്ല. മുസ്‌ലിം ലീഗ് നേതൃത്വവുമായി തന്നെ ഇക്കാര്യത്തില്‍ ഇ.കെ വിഭാഗം ശക്തമായ അഭിപ്രായവ്യത്യാസത്തിലാണ്.

എന്നാല്‍ ഇ.കെ വിഭാഗം പത്രം തുടങ്ങിയാല്‍ അത് ചന്ദ്രികയുടെ സര്‍ക്കുലേഷനെ കാര്യമായി ബാധിക്കുമെന്ന ഭയം ലീഗ് നേതൃത്വത്തിനുണ്ട്. അതിനാല്‍ നീക്കം തടയാന്‍ എന്ത് വിലകൊടുത്തും ശ്രമമുണ്ടാകും.