എഡിറ്റര്‍
എഡിറ്റര്‍
സമസ്ത ബഹ്‌റൈന്‍ നബിദിന കാമ്പയിന് തുടക്കമായി
എഡിറ്റര്‍
Monday 6th January 2014 2:12pm

NABI-DINA-CAMPAIGN

മനാമ: ‘മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന് തുടക്കമായി.

സമസ്ത കേന്ദ്രകമ്മറ്റി ആസ്ഥാനമായ മനാമയിലെ വാരാന്ത സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങ ളാണ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. അഭിനവ സാഹചര്യത്തില്‍ ഈ മീലാദ് കാമ്പയിന്‍ പ്രമേയം ഏറെ പ്രസക്തിയുള്ളതാണെന്ന് അദ്ധേഹം വിശദീകരിച്ചു.

തുടര്‍ന്ന് സമസ്തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഏരിയാ കമ്മറ്റികളുടെ കീഴിലും ഏരിയാ തല കാമ്പയിന്‍ ഉദ്ഘാടനങ്ങളും ഉദ്‌ബോധനങ്ങളും നടന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി ഏരിയകള്‍ തോറും വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇനിയുള്ള ദിവസങ്ങളില്‍, റബീഉല്‍ അവ്വല്‍ 12വരെ നീണ്ടു നില്‍ക്കുന്ന മൌലിദ് സദസ്സുകള്‍ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും നടക്കും. ഇതില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രവാചക സന്ദേശമുള്‍ക്കൊള്ളിച്ച ഉദ്‌ബോധനങ്ങളും നടക്കും. ചില ഏരിയകളില്‍ റബീഉല്‍ അവ്വല്‍ മാസം മുഴുവനായും മൌലിദ് സദസ്സുകള്‍ ഒരുക്കുന്നുണ്ട്.

മൌലിദ് സദസ്സുകള്‍ക്കു പുറമെ, കാമ്പയിന്‍ സന്ദേശമുള്‍ക്കൊള്ളിച്ച ലഘുലേഖ വിതരണം, പ്രമേയ പ്രഭാഷണങ്ങള്‍, ബുര്‍ദ്ധ മജ്‌ലിസ്, മെഡിക്കല്‍ ക്യാമ്പ്, ഫാമിലി മീറ്റ്, സെമിനാര്‍   എന്നിവയടങ്ങുന്ന ഏരിയ സമ്മേളനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പ്രബന്ധം–കവിതാ രചന– ദഫ് – പ്രസംഗം – ഗാനം – ക്വിസ്സ് എന്നിവയിലുള്ള മത്സരങ്ങള്‍, കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവയും വരുംദിവസങ്ങളില്‍ നടക്കും.

ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി നടക്കുന്ന എല്ലാ ഏരിയാ പരിപാടികളിലും ബഹ്‌റൈനില മുഴുവന്‍ പ്രവാചക സ്‌നേഹികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും  നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Advertisement