എഡിറ്റര്‍
എഡിറ്റര്‍
സമസ്ത ബഹ്‌റൈന്‍ മദ്‌റസകള്‍ ബുധനാഴ്ച തുറക്കും; മനാമയിലെ പ്രവേശനോത്സവം തങ്ങള്‍ ഉദ്ഘാടനം ചെയ്യും
എഡിറ്റര്‍
Sunday 2nd July 2017 3:22pm

മനാമ: ബഹ്‌റൈനിലെ സമസ്ത മദ്റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂലൈ 5 (ബുധനാഴ്ച) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ റൈയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്‌റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി പത്ത് ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത മദ്‌റസകളിലാണ് ബുധനാഴ്ച മുതല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്.

ഇതോടനുബന്ധിച്ച് പുതുതായി അഡ്മിഷന്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രവേശനോത്സവവും അന്നേദിവസം വിവിധ മദ്‌റസകളിലായി നടക്കും.

മനാമയിലെ ഇര്‍ശാദുല്‍ മുസ്ലിമീന്‍ കേന്ദ്ര മദ്‌റസയിലെ പ്രവേശനോത്സവം ബുധനാഴ്ച വൈകിട്ട് 5മണിക്ക് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പുതിയ കുട്ടികള്‍ക്കുള്ള അഡ്മിഷനും അന്നേ ദിവസം മുതല്‍ ആരംഭിക്കും.
‘നേരറിവ് നല്ല നാളേക്ക്’ എന്നതാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ പ്രമേയം. കേരളത്തിലെ സമസ്തയുടെ മുഴുവന്‍ മദ്‌റസകളിലും ചൊവ്വാഴ്ചയാണ് പ്രവേശനോത്സവങ്ങള്‍ നടക്കുന്നത്.

കേരളത്തിനകത്തും പുറത്തും സമസ്തയുടെ അംഗീകാരമുള്ള 9709 മദ്റസകളിലായി 12 ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ റമദാന്‍ അവധിക്കു ശേഷം മദ്റസകളിലെത്തുന്നത്. ബഹ്‌റൈനിലെ സമസ്ത മദ്‌റസകളില്‍ അഡമിഷന്‍ നേടാനും വിശദ വിവരങ്ങള്‍ക്കും താഴെ നന്പറുകളില്‍ അതാതു ഏരിയാ കമ്മറ്റികളുമായി ബന്ധപ്പെടേണ്ടതാണ്. 33450553(മനാമ), 39164163(റഫ), 33257944(ഗുദൈബിയ), 33007296(മുഹറഖ്), 39799527(ഹൂറ), 33486275(ജിദാലി), 34525038(ഹിദ്ദ്), 35930262(ഹമദ്ടൗണ്‍), 33505806 (ഉമ്മുല്‍ ഹസം), ബുദയ്യ-38055706

Advertisement