ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന് തോല്‍വി. ലോക റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള സാമന്ത സ്‌റ്റോസുറി കിരീടം ചൂടി. ഒരുമണിക്കൂറും 11 മിനിട്ടുമെടുത്താണ് സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി സാമന്ത കിരീടം നേടിയത്. സ്‌കോര്‍ 6-2,6-3. സ്‌റ്റോസറിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

ആദ്യ സെറ്റില്‍ സെറീനയുടെ രണ്ടാം സെര്‍വ് ബ്രേക്ക് ചെയ്ത് ലീഡ് നേടിയ സാമന്ത സ്‌റ്റോസര്‍ 1 മിനിട്ട് 13 സെക്കന്‍ഡ് കൊണ്ടാണ് വിജയിച്ചത്. സ്‌റ്റോസറിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു ഇത്. 1973 ല്‍ മാര്‍ഗരറ്റ് കോര്‍ട്ടിന് ശേഷം ആദ്യമായാണ് ഒരു ഓസ്‌ട്രേലിന്‍ താരം യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടുന്നത്. 1980ന് ശേഷം ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിതാ താരവുമായി സാമന്ത സ്‌റ്റോസര്‍.
13 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം ഉയര്‍ത്തിയ അമേരിക്കന്‍ താരം സെറീന വില്യംസ് ഒരുസെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഫൈനലിലെത്തിയത്. ആദ്യ സെറ്റ് നഷ്ടമായതിന് പിന്നാലെ നിയന്ത്രണം നഷ്ടമായ സെറീന ചെയര്‍ അംപയറോട് തുടര്‍ച്ചയായി കയര്‍ത്തു.