എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി
എഡിറ്റര്‍
Thursday 20th September 2012 12:31pm

ലഖ്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്‍മാറ്റത്തോടെ തൃശങ്കുവിലായ യു.പി.എ സര്‍ക്കാറിന് ആശ്വാസവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്ത്. കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് അറിയിച്ച് സമാജ് വാദി പാര്‍ട്ടി നേതാവും മുലായം സിങ് യാദവിന്റെ സഹോദരനുമായ രാംഗോപാല്‍ യാദവ് രംഗത്തെത്തിയിരിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായി നടന്ന യോഗത്തിലാണ് രാംഗോപാല്‍ ഇക്കാര്യം അറിയിച്ചത്.

Ads By Google

ഇപ്പോള്‍ സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് എസ്.പി ചെയ്യുന്നത്. സര്‍ക്കാരില്‍ ചേരുമോയെന്നതില്‍ രാംഗോപാല്‍ വ്യക്തമായ തീരുമാനം പറഞ്ഞിട്ടുമില്ല. സമാജ്‌വാദി പാര്‍ട്ടിയെ കൂടി സര്‍ക്കാരില്‍ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടയിലാണ് അനുകൂല നിലപാടുമായി എസ്.പി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എസ്.പിയെ കൂടാതെ മായാവതിയുടെ ബി.എസ്.പിയെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. തങ്ങളുടെ നിലപാട് ഒക്ടോബര്‍ ഒന്നിന് അറിയിക്കുമെന്നാണ് ബി.എസ്.പി അറിയിച്ചിരിക്കുന്നത്.

അതേസമയം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടാണ് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടി എത്തിയത്.  പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കുക, മുലായം സിങ്ങിനെതിരായുള്ള കേസുകള്‍ പിന്‍വലിക്കുക. 2014 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സിറ്റ് അനുവദിക്കുക, തുടങ്ങിയവയാണ് സമാജ്‌വാദി പാര്‍ട്ടി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍.

ഈ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്നത് വരും ദിവസങ്ങളില്‍ കണ്ടറിയാം. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി വീണ്ടും ചേരുന്നുണ്ട്.

Advertisement