എഡിറ്റര്‍
എഡിറ്റര്‍
ജിലേബി സ്വാമിയുടെ സന്നിധിയില്‍ സമദാനി, ലീഗിനുള്ളില്‍ വിവാദം
എഡിറ്റര്‍
Tuesday 24th April 2012 11:59am

കോഴിക്കോട്: ഏറെ വിവാദമുണ്ടാക്കിയ ജിലേബി സ്വാമിയെ മുസ്‌ലിം ലീഗ് നേതാവ് അബ്ദുസ്സമദ് സമദാനി പുകഴ്ത്തിയത് വിവാദമാവുന്നു. ആര്‍.എസ്.എസുകാര്‍ പോലും തള്ളി പറഞ്ഞ കള്ള ശരവണഭവ മഠം മുരളീകൃഷ്ണയെ പുകഴ്ത്തി സംസാരിച്ചാണ് ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമദാനി പുതിയ വിവാദത്തിനു തിരി കൊളുത്തിയത്.

കൂനിന്‍മേല്‍ കുരു എന്ന പോലെ ലീഗില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പാണ് പുതിയ വിവാദങ്ങള്‍ പൊട്ടിപുറപ്പെട്ടത്. കോണ്‍ഗ്രസ്സുമായുള്ള അസ്വാരസ്യങ്ങള്‍ അണികള്‍ക്കിടയില്‍ ഉണ്ടാക്കിയ വികാരത്തെയും പ്രശ്‌നങ്ങളെയും തടുത്തു നിര്‍ത്താന്‍ പണിപ്പെട്ടു കൊണ്ടിരിയ്ക്കുമ്പോഴാണ് കള്ളസ്വാമിയെന്ന് ആരോപണമുള്ളയാള്‍ക്കും ‘ പച്ചക്കൊടി’ കാണിച്ചത്.

കഴിഞ്ഞ ദിവസം ശ്രീനാരായണ ഹാളില്‍ നടന്ന പരിപാടിയില്‍ സമദാനി മുഖ്യാഥിതിയായിരുന്നു. സ്വാമിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ച ചടങ്ങിലാണ് സമദാനി കള്ള സ്വാമിയെ വാഴ്ത്തി പ്രസംഗിച്ചത്. സ്വാമിക്കെതിരെ വര്‍ഷങ്ങളായി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. സ്ത്രീകളടക്കം ഇയാള്‍ക്കെതിരെ രംഗത്തെത്തിയതും അടുത്തക്കാലത്തായിരുന്നു. ആരോപണങ്ങള്‍ നിരന്തരം വന്നതോടെ ഇതേക്കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശരവണഭവ മഠം ഭക്തജന സംരക്ഷണ സമിതി മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും പരാതിയും നല്‍കിയിരുന്നു.

ഉമ അശോകന്‍ എന്ന സ്ത്രീ പാലക്കാട് പോലീസ് സൂപ്രണ്ടിനു നല്‍കിയ പരാതിയെ തുടര്‍ന്നു സ്വാമി കുറേക്കാലം ഒളിവിലായിരുന്നു.ചുരുങ്ങിയ കാലയളവില്‍ കേരളത്തിനകത്തും പുറത്തും പലയിടങ്ങളിലായി കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിയെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ വിദേശത്തു നിന്നും വന്‍ തുക പിരിച്ചെടുക്കുന്നുവെന്നും ഇയാളെ കുറിച്ച് ആരോപണങ്ങളുണ്ട്.

പൂര്‍വ്വാശ്രമത്തില്‍ ജിലേബി വില്‍ക്കാനെത്തിയ മുരളീകൃഷ്ണ ഒരു സുപ്രഭാതത്തില്‍ ശരവണബാബയായി മാറുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

Malayalam News

Kerala News in English

Advertisement