samadani

കോട്ടക്കല്‍: തനിക്ക് നേരെ ഉണ്ടായത് അപ്രതീക്ഷിത ആക്രമണമെന്ന് മുസ്ലീം ലീഗ് നേതാവും എം.എല്‍.എയുമായ അബ്ദുസമദ് സമദാനി. സംഭവത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടലാണെന്നും സമദാനി പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമായി തന്നെ കാണണമെന്ന് പറഞ്ഞ് ഇയാള്‍ പിന്നാലെ നടക്കുകയായിരുന്നു. ഒടുവില്‍ ഇന്ന് കാണാന്‍ അനുവദിക്കുകയായിരുന്നു.

തന്റെ മുറിയില്‍ എത്തി വളരെ സന്തോഷത്തോടെ എനിക്കടുത്തിരുന്ന് സംസാരം തുടങ്ങി. വാതില്‍ ഉള്ളില്‍ നിന്ന് അടച്ചതിന് ശേഷമാണ് ഇയാള്‍ സംസാരം തുടങ്ങിയത്.

കുഞ്ഞിക്കാ എന്ന് വിളിച്ച് സ്‌നേഹത്തോടെ സംസാരം തുടങ്ങി അലപ്‌സമയം കഴിഞ്ഞപ്പോള്‍ പൊടുന്നനെ കത്തി കയ്യിലെടുക്കുകയും കുത്താന്‍ തുനിയുകയുമായിരുന്നു. ഉടന്‍ തന്നെ താന്‍ കുതറി മാറിയെങ്കിലും കത്തി മുഖത്ത് കൊണ്ടു.

ശബ്ദം കേട്ട് ഭാര്യയും പുറത്തുണ്ടായിരുന്ന മറ്റുള്ളവരും ഓടിവരികയും വാതില്‍ ചവിട്ടിത്തുറക്കാന്‍ നോക്കുകയും ചെയ്തു അപ്പോഴേക്കും താനും
ഓടി വാതിലിനടുത്ത് എത്തിയിരുന്നു.

മുഖത്ത് നിന്നും രക്തം പമ്പ് ചെയ്ത് വരുന്നതുകണ്ട് ഇവര്‍ ഭയന്നു നില്‍ക്കെ തന്നെ ആക്രമിച്ചയാള്‍ പുറത്തേക്ക് ഓടിപ്പോവുകയും ചെയ്‌തെന്നും സമദാനി പറഞ്ഞു.

തന്നെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. തന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന ഒന്നുകൊണ്ടുമാത്രമാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടതെന്നും എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നെന്നും സമദാനി പ്രതികരിച്ചു.