ന്യൂദല്‍ഹി: മാവോവാദികളെ നേരിടുന്നതിന് ആദിവാസികള്‍ക്ക് ആയുധം നല്‍കി അവരെ സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരായി നിയമിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരായി നാട്ടുകാരെ നിയമിച്ച ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.

ജസ്റ്റിസുമാരായ ബി.സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്. നിജ്ജര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സാമൂഹിക പ്രവര്‍ത്തകയായ നന്ദിനി സുന്ദര്‍, ചരിത്രകാരനായ രാമചന്ദ്രഗുഹ, മുന്‍ ഐ.എ.എസ്സുകാരനായ ഇ.എ.എസ് ശര്‍മ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം.

മാവോവാദി പ്രശ്‌നമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ സ്വാമി അഗ്നിവേശിനെ ആക്രമിച്ച സംഭവം സി.ബി.ഐ അന്വേഷണത്തിനു വിടാനും സുപ്രീംകോടതി ഉത്തരവിട്ടു. മാവോവാദികളെ നേരിടാന്‍ നാട്ടുകാരുടെ കൂട്ടായ്മയായ സല്‍വാജൂദും ദന്തെവാഡയിലെ ആദിവാസികളെ ചേര്‍ത്ത് രൂപവത്കരിച്ച കോയാകമാന്‍ഡോ എന്നീ വിഭാഗങ്ങള്‍ക്കും ഛത്തീസ്ഗഢ് സര്‍ക്കാര്‍ സായുധ സഹായം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ദന്തെവാദയിലെ ആദിവാസി സമൂഹത്തിന്റെ പേരില്‍ നിന്നാണ് കൊയാ കമാന്‍ഡോകള്‍ രൂപം കൊണ്ടത്.

മാവോവാദികള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് നേരിട്ടോ പരോക്ഷമായോ സാമ്പത്തിക സഹായം നല്‍കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സ്‌പെഷല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ എല്ലാ ആയുധങ്ങളും തിരിച്ചെടുക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. പിരിച്ചുവിടുന്നവര്‍ക്ക് വേണ്ട സഹായം ഭരണഘടനയ്ക്കുള്ളില്‍ നിന്നുതന്നെ നല്‍കണം. സല്‍വാജൂദൂം കോയാകമാന്‍ഡോകളും നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കാനും കോടതി ഉത്തരവിട്ടു.