എഡിറ്റര്‍
എഡിറ്റര്‍
ജയ്പൂരില്‍ തനിക്കെതിരെ നടന്നത് കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും രാഷ്ട്രീയക്കളി
എഡിറ്റര്‍
Sunday 18th March 2012 10:55am

ന്യൂദല്‍ഹി: ഇന്ത്യ ടുഡെ കോണ്‍ക്ലാവില്‍ കോണ്‍ഗ്രസിനും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കുമെതിരെ ശക്തമായ വിമര്‍ശനവുമായി പ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ ഉപയോഗ ശൂന്യമായ രാഷ്ട്രീയ കണക്ക് കൂട്ടലുകളുടെ ഫലമെന്നാണ് റുഷ്ദി പറഞ്ഞത്.

യാഥാസ്ഥികരെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍, ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് ഫലിച്ചില്ല. ജോലിസംവരണവും മറ്റ് വാഗ്ദാനങ്ങളും നല്‍കിയ ഉത്തര്‍പ്രദേശിലെ മുസ്‌ലീം  വിഭാഗത്തെ  ജയിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തി. എന്നാല്‍ അതെല്ലാം പരാജയപ്പെടുകയാണുണ്ടായതെന്നു റുഷ്ദി പറഞ്ഞു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകള്‍ ഇവിടെ തെറ്റിപ്പോയെന്നും റുഷ്ദി വ്യക്തമാക്കി. ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച നേതാക്കളെ ഇന്ത്യ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ബാങ്ക് മുന്നില്‍ കണ്ടുള്ള നാണംകെട്ട രാഷ്ട്രീയ കളിയാണ് ഇവിടെ നടക്കുന്നത്. മുസ്‌ലീംകളുടെ പേരില്‍ നടത്തുന്ന അക്രമങ്ങളെ വെറുക്കുന്നവരാണ് ഇന്തയിലെ 95% മുസ്‌ലീംകളെന്നും  റുഷ്ദി പറഞ്ഞു.

വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ഇന്ത്യ ടുഡെ കോണ്‍ക്ലെയ്‌വ് സംഘടിപ്പിച്ചത്. താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങളൊന്നുമില്ലാത്തതിനാല്‍ സന്തോഷമുണ്ടെന്നും റുഷ്ദി പറഞ്ഞു. എന്നാല്‍ റുഷ്ദി പങ്കെടുക്കുന്നുവെന്ന കാരണം പറഞ്ഞ് കോണ്‍ക്ലെയ് വില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും രാഷ്ട്രീയക്കാരെ റുഷ്ദി വിമര്‍ശിച്ചു. റുഷ്ദി പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ് കോണ്‍ക്ലെയ്‌വില്‍ നിന്നും പിന്മാറിയ പാക്ക് താരം ഇമ്രാന്‍ ഖാനെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. തന്റെ സാത്താനിക് വേര്‍സസ് എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സംവാദത്തിന് തയ്യാറാണെങ്കില്‍ എവിടെ എപ്പോള്‍ എന്ന് പറഞ്ഞാല്‍ മതി വരാന്‍ താന്‍ തയ്യാറാണെന്നും റുഷ്ദി വെല്ലുവിളിച്ചു.

മുസ്‌ലീംകളെ ഏറെ വേദനിപ്പിച്ചിട്ടുള്ള റുഷ്ദിക്കൊപ്പം വേദി പങ്കിടാന്‍ തനിക്ക് കഴിയില്ലെന്ന് പാക്കിസ്ഥാന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് നേതാവ് കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Malayalam news

Kerala news in English

Advertisement