ന്യൂദല്‍ഹി: രാംലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന അണ്ണാ ഹസാരെ സംഘവുമായി കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചര്‍ച്ച നടത്തി. നിരാഹാരമിരുന്നതിനു ശേഷം സര്‍ക്കാര്‍ പ്രതിനിധികള്‍ ഹസാരെ സംഘവുമായി നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്.

45 മിനിറ്റിലേറെ നീണ്ടുനിന്ന ചര്‍ച്ചയില്‍ ഹസാരെയുടെ അനുയായി അരവിന്ദ് കെജ്‌റിവാള്‍, അഖില്‍ ഗോഗോയ്, സന്ദീപ് ദീക്ഷിത് എം.പി എന്നിവര്‍ പങ്കെടുത്തു. തീരുമാനം ഹസാരെയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കുമെന്ന് കെജ്‌റിവാള്‍ അറിയിച്ചു. ചര്‍ച്ച തുടങ്ങിയിട്ടേയുള്ളുവെന്നും ഇപ്പോള്‍ പുരോഗതിയില്ലെന്നും കെജ്‌റിവാള്‍ വ്യക്തമാക്കി.

അതേസമയം രാംലീല മൈതാനിയില്‍ ശ്രീ ശ്രീ രവിശങ്കര്‍ ഹസാരെയുമായി കൂടിക്കാഴ്ച നടത്തി. തന്റെ പക്കല്‍ സന്തോഷകരമായ ഒരു വാര്‍ത്തയുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രവിശങ്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.