എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊലക്കേസ്: വിചാരണ പൂര്‍ത്തിയാകാതിരിക്കാന്‍ കാരണം മുന്‍ ആഭ്യന്തര സെക്രട്ടറിയെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
എഡിറ്റര്‍
Wednesday 15th January 2014 11:06am

salman-qurshid

ന്യൂദല്‍ഹി: ഇറ്റാലിയന്‍നാവികര്‍ക്കെതിരായ കടല്‍ക്കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയാകാതിരിക്കാന്‍ കാരണം മുന്‍ ആഭ്യന്തര സെക്രട്ടറിയാണെന്ന് വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.

എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍.കെസിങിന്റെ ഇടപെടലാണ്. ശരിയായ നടപടിക്രമങ്ങള്‍ ആയിരുന്നെങ്കില്‍ വിചാരണ പൂര്‍ത്തിയായേനെ എന്നും ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.

പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്നും വധശിക്ഷ നല്‍കിയാല്‍ സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് പിന്‍മാറുമെന്നും യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താവ് പറഞ്ഞിരുന്നു.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏതുനടപടിയും ആഴത്തില്‍ അവലോകനം ചെയ്യുമെന്നും യൂണിയന്‍ വക്താവ് മജാ കോസിജ്യാന്‍സിക്ക് അറിയിച്ചിരുന്നു. ഇരുപക്ഷത്തിനും സ്വീകാര്യമായ നടപടിയാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രണ്ട് മലയാളി മീന്‍പിടിത്തക്കാരെ വധിച്ചകേസില്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇറ്റലി നാവികരായ സാല്‍വറ്റോര്‍ ജിറോണിക്കെതിരെയും മാസ്സിമിലാനൊ ലാത്തോറിക്കെതിരെയും ചുമത്തിയിരിക്കുന്നത്.

ഇവര്‍ ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇറ്റലിക്ക് നല്‍കിയ ഉറപ്പിന്റെ ഭാഗമായി വധശിക്ഷ വരെ ലഭിക്കാവുന്ന സുവ നിയമം ഇവര്‍ക്കെതിരെ പ്രയോഗിക്കേണ്ടെന്ന് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞേക്കും.

ചോദ്യം ചെയ്യലിനായി നാവികരെ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ ഹരജിയില്‍ പ്രത്യേക കോടതി ഈ മാസം 30 ന് വാദം കേള്‍ക്കും. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയത്.

Advertisement