എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: സുപ്രീംകോടതി നിലപാട് ഇറ്റലി അംഗീകരിക്കണമെന്ന് ഇന്ത്യ
എഡിറ്റര്‍
Saturday 17th November 2012 12:25am

ന്യൂദല്‍ഹി: കൊല്ലം നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പിലില്‍ നിന്നും വെടിയുതിര്‍ത്ത് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യയുടെ നിലപാടുകള്‍ ഇറ്റലി പ്രധാനമന്ത്രി മരിയോ മോണ്ടിയെ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍.

കടല്‍ക്കൊലയുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സുപ്രീം കോടതിയുടെ നിലപാടുകളെ ഇറ്റലി വിശ്വാസത്തിലെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Ads By Google

പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയാണ്. ഇന്ത്യയിലെ വ്യവസ്ഥാപിതമാര്‍ഗം കോടതിയാണെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ സല്‍മാന്‍ ഖുര്‍ഷിദ് ധരിപ്പിച്ചു. ആറാമത് അസെം ഉച്ചകോടിക്കിടയിലാണ് ഇറ്റലി പ്രധാനമന്ത്രിയുമായി ഖുര്‍ഷിദ് കൂടിക്കാഴ്ച നടത്തിയത്.

മുംബൈ ആക്രമണക്കേസില്‍ പാകിസ്ഥാന്‍ നീതിയുക്തമായ നടപടികള്‍ സ്വീകരിക്കാതെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പാക്കിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ അതിന് പാക്കിസ്ഥാനും തയ്യാറാകണം. മുബൈ ആക്രമണക്കേസില്‍ പാക്കിസ്ഥാന്റെ നിലപാട് ഇതില്‍ നിര്‍ണായകമാണ്.

മുംബൈ ഭീകരാക്രമണ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അംഗീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ മന്‍മോഹന്‍ സിങ്ങിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെ കുറിച്ച് ഇന്ത്യ ചിന്തിക്കുകയുള്ളൂവെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റിലാണ് പാക്കിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാരി ആസിഫലി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പാക് സന്ദര്‍ശനത്തിന് ക്ഷണിച്ചത്.

കൂടംകുളം ആണവനിലയം ഡിസംബര്‍ അവസാനവാരമോ ജനവരി ആദ്യവാരമോ കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് പുതിന്‍ അടുത്തമാസം 24 ന് ഇന്ത്യയിലെത്തും. ഈ ഘട്ടത്തില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ആലോചന. പുതിനുമായുള്ള ചര്‍ച്ചയില്‍ പ്രധാനവിഷയങ്ങളിലൊന്ന് കൂടംകുളമായിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

Advertisement