മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന് യു. എസില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരം. ഞെരമ്പ് സംബന്ധമായ അസുഖത്തിനാണ് ബോളിവുഡിന്റെ മസില്‍ മാന്‍ ശസ്ത്രക്രിയക്ക് വിധേയനായത്. പതിനഞ്ച് ദിവസത്തെ പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ട്രിഗെമിനല്‍ ന്യൂറാള്‍ജിയ എന്ന ഞെരമ്പു സംബന്ധിയായ അസുഖമാണ് സല്‍മാനെ അലട്ടുന്നത്. ഞെരമ്പുകളുടെ പ്രവര്‍ത്തനത്തില്‍ വന്ന മാറ്റം മുഖത്ത് കഠിനമായ വേദനയാണത്രെ ഉണ്ടാക്കുന്നത്. 45 കാരനായ താരത്തെ ഏറെ നാളായി ഈ രോഗം അദ്ദേഹത്തെ അലട്ടുന്നുണ്ട്.

ഓഗസ്റ്റ് 29 നാണ് അദ്ദേഹം യു. എസിലേക്ക് പോയത്. വിശ്രമത്തിന് ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോകാനിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

ബോളിവുഡിലിപ്പോള്‍ സല്‍മാന് നല്ല കാലമാണ്. ഇന്നലെ പുറത്തിറങ്ങിയ ബോഡിഗാര്‍ഡ് വമ്പന്‍ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് വാര്‍ത്തകള്‍. അതിനു മുന്‍പ് ഇറങ്ങിയ വാണ്ടഡും ദബാംഗുമെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.