മുംബൈ: ഈദ് ദിനത്തില്‍ തിയേറ്ററുകളിലെത്തിയ സല്‍മാന്‍ ഖാന്‍ നായകനായ ബോഡിഗാര്‍ഡ് വമ്പന്‍ തുടക്കം. ഈദ് ദിനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനത്തില്‍ 20 കോടിയാണ് വാരിക്കൂട്ടിയത്. ഒറ്റ ദിവസം ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

18 കോടി ഓപ്പണിംഗ് കളക്ഷന്‍ നേടിയ സല്‍മാന്‍ ചിത്രം ദബാംഗ് കഴിഞ്ഞ വര്‍ഷത്തെ ഈദ്് ദിനത്തിലായിരുന്നു റിലീസ് ചെയ്തിരുന്നത്. ഈ ആഴ്ചയില്‍ മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായി ദബാംഗ് മുന്നേറുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. സമ്മിശ്ര പ്രതികരണമാണ് തിയ്യറ്ററില്‍ നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ദിലീപിനെ നായകനായ ബോഡിഗാര്‍ഡ് മലയാളത്തില്‍ വലിയ ഹിറ്റായിരുന്നു. വിജയിനെ നായകനാക്കി തയ്യാറാക്കിയ തമിഴ് പതിപ്പും വിജയം നേടിയതിന് ശേഷമാണ് ഹിന്ദി പതിപ്പ് ഒരുക്കിയത്. ചെറുപ്പം മുതലേ അറിയുന്ന കരീനയും സല്‍മാനും രണ്ട് വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ മലയാളി സംവിധായകന്‍ സിദ്ദീഖ് ബോളിവുഡിലെ തന്റെ അരങ്ങേറ്റം വിജയകരമാക്കിയിരിക്കുകയാണ്.

ദബാംഗിനും വാണ്ടടിനും പിന്നാലെ സല്‍മാന്‍ നായകനായ മറ്റൊരു ചിത്രം കൂടി ഹിറ്റ് ചാര്‍ട്ടിലേക്ക് നീങ്ങുമ്പോള്‍ സല്‍മാന് ഇത് ഇരട്ടി മധുരമാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ വിവാഹിതനാകാന്‍ തീരുമാനിച്ച കാര്യം സല്‍മാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. ഏറെക്കാലത്തെ പ്രണയ നൈരാശ്യങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു ബോളിവുഡില്‍.