മുംബൈ: സിനിമയില്‍ സല്‍മാന്‍ ഇപ്പോള്‍ വിജയശ്രീലാളിതനായി മുന്നേറുകയാണ്. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്. ഈ സന്തോഷത്തിന്റെ ദിനങ്ങളില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ നടനെ അലട്ടുകയാണ്.

ട്രെഗിമിനല്‍ ന്യൂറാല്‍ജിയ വീണ്ടും സല്‍മാന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. തലച്ചോറില്‍ നിന്നും വരുന്ന ഞരമ്പുകളിലെ പ്രശ്‌നം മൂലം മുഖത്തെ പേശികളില്‍ ഇലക്ട്രിക്ക് ഷോക്ക് അനുഭപ്പെടുന്ന അസാധാരണ അസുഖമാണ് ട്രെഗിമിനല്‍ ന്യൂറാല്‍ജിയ.

ഇതേ പ്രശ്‌നത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയില്‍ വച്ച് സല്‍മാന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അസുഖം മാറിയതായി സല്‍മാന്‍ അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന എക് ഥാ ടൈഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സല്‍മാന് വീണ്ടും താടിയെല്ലുകളില്‍ വേദന അനുഭവപ്പെടുകയായിരുന്നു.

സാധാരണ ശസ്ത്രിക്രിയമൂലം ട്രെഗിമിനല്‍ ന്യൂറാല്‍ജിയ സുഖപ്പെടുന്നതാണ്. എന്നാല്‍ ഇതില്‍ 15% ആളുകള്‍ക്ക് ഇത് വീണ്ടുംവരാന്‍ സാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ സല്‍മാനും ഇക്കൂട്ടത്തില്‍പ്പെടുകയായിരുന്നു.

അസുഖവിവരം സല്‍മാന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്തുതന്നെ ചികിത്സ തുടങ്ങാനാണ് താരത്തിന്റെ തീരുമാനം.

അസുഖം വീണ്ടും വന്നത് വലിയ കാര്യമാക്കുന്നില്ലെന്നും സാധാരണ ആളുകള്‍ക്കു വരുന്ന പ്രമേഹം, പ്രഷറര്‍, കൊളസ്‌ട്രോള്‍ എന്നി വയെ പോലെയാണ് ഇതിനെ താന്‍ കാണുന്നതെന്നും സല്‍മാന്‍ പറഞ്ഞു. കത്രീന കൈഫ് നായികയാകുന്ന എക് ഥാ ടൈഗര്‍ ഓഗസ്റ്റില്‍ റിലീസ് ചെയ്യും.

Malayalam news

Kerala news in English