ഒടുവില്‍ ബോളിവുഡ് മസില്‍മാന് മാംഗല്യമായി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹക്കാര്യം വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ഈ 45 കാരന്‍ വെളിപ്പെടുത്തിയിട്ടില്ല.

ഞാന്‍ വിവാഹം കഴിച്ചുകാണണമെന്ന അമീര്‍ഖാന്റെ ആഗ്രഹം പൂര്‍ത്തിയാകുക തന്നെ ചെയ്യും. പക്ഷേ, ഒരല്‍പം കാത്തിരിക്കേണ്ടതുണ്ട്. എന്റെ മാത്രമല്ല, ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ആളിന്റെയും സമയവും നോക്കണമെന്ന് സല്‍മാന്‍ പറയുന്നു. തന്റെ വധുവിനെ തിരഞ്ഞെടുത്തുവെന്ന് പറയുന്ന മസില്‍മാന്‍ അവരെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല.

ഏഴുവര്‍ഷമായി കഠിനമായ വേദനയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞരമ്പുകള്‍ക്കുണ്ടാകുന്ന കഠിനവേദന തന്നെ വല്ലാതെ അലട്ടുന്നുണ്ടെന്നും കഴിഞ്ഞ ഏഴുവര്‍ഷമായി ഇത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉടന്‍തന്നെ അടിയന്തിര ചികിത്സയ്ക്ക് വിധേയനാകുമെന്നും സല്‍മാന്‍ അറിയിച്ചു.

ഈദ് ദിനത്തില്‍ തിയേറ്ററുകളിലെത്തുന്ന ‘ബോഡിഗാര്‍ഡ്’ എന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് സല്‍മാന്‍ നോക്കിക്കാണുന്നത്. ദിലീപിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. ഈ ചിത്രം പിന്നീട് വിജയിനെ നായകനാക്കി തമിഴിലും റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ മലയാളി സംവിധായകന്‍ സിദ്ദീഖും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

2009 ല്‍ പുറത്തിറങ്ങിയ മേം ഓര്‍ മിസ്സിസ് ഖന്ന എന്ന ചിത്രത്തിനു ശേഷം സല്‍മാനും കരീനയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ബോഡിഗാര്‍ഡ്. തനിക്ക് വളരെ ചെറുപ്പംമുതലേ കരീനയെ അറിയാമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ചിത്രത്തിലെ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നും ബോഡിഗാര്‍ഡിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച കൂട്ടത്തില്‍ സല്‍മാന്‍ പറഞ്ഞു.

സല്‍മാന്റെ അടുത്തിടെ പുറത്തിറങ്ങിയ വാണ്ടഡ്, ദബാംഗ്, റെഡി തുടങ്ങിയ ചിത്രങ്ങളെല്ലാം ബോളിവുഡില്‍ വന്‍ഹിറ്റുകളായിരുന്നു. സല്‍മാന്റെ ആരാധകരും ബോഡിഗാര്‍ഡിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.