ബിഗ് ബോസ് റിയാലിറ്റി ഷോ അവതരണത്തിനായി മൂന്നാംതവണയും തയ്യാറെടുക്കുന്ന ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഷോയിലേക്കായി ഒരു മത്സരാര്‍ത്ഥിയെപ്പോലും താന്‍ ഇതുവരെ റെക്കമെന്റ്  ചെയ്തിട്ടില്ലെന്നാണ് താരം പറയുന്നത്.

Ads By Google

‘മത്സരത്തിനായി ഞാന്‍ ഇതുവരെ ആരേയും റെക്കമെന്റ് ചെയ്തിട്ടില്ല. ഷോയുടെ സെലക്ഷന്‍ പാനലില്‍ ഞാന്‍ ഇല്ല. അവര്‍ ആരെയൊക്കെയാണ് തിരഞ്ഞെടുക്കുന്നത് എന്ന് പോലും ഞാനറിയുന്നത് അവസാന നിമിഷമാണ്. ഷോയിലേക്കായി പ്രത്യേകം ആരേയും റെക്കമെന്റ് ചെയ്യണമെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. അങ്ങനെ ചെയ്യേണ്ട ആവശ്യവുമില്ല’- സല്‍മാന്‍ പറഞ്ഞു.

ഷോയുടെ ആറാമത്തെ സെഷന്‍ ഒക്ടോബര്‍ 7 നാണ് ആരംഭിക്കുന്നത്. എല്ലാദിവസവും 9 മണിയ്ക്കാണ് ഷോ. ഇത്തവണത്തെ ഷോ നിരവധി പുതുമയോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വരുന്നതെന്നും സല്ലു പറഞ്ഞു. പ്രേക്ഷകരെയും ഷോയുടെ ഒരുഭാഗമാക്കാനാണ് ശ്രമിക്കുന്നത്. ഒരു കുടുബത്തിലെ എല്ലാവര്‍ക്കും ഒരേ പോലെ പരിപാടി ആസ്വാദിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്.

ഷോയെ കുറിച്ച് ഇപ്പോള്‍ തന്നെ ആളുകളില്‍ നിന്നും ചോദ്യം തുടങ്ങിയെന്നും നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങള്‍ പലരില്‍ നിന്നുമായി താന്‍ കേള്‍ക്കാറുണ്ടെന്നും സല്‍മാന്‍ പറഞ്ഞു.