കുറച്ചു കാലം മുന്‍പ് വരെ ശനിദശയായിരുന്ന സല്‍മാന്‍ ഖാന് ബോളിവുഡില്‍ ഇത് നല്ല കാലമാണ്. തുടരെ തുടരെയുള്ള ഹിറ്റുകള്‍ സല്‍മാന് സ്വകാര്യ ജീവിതത്തിലും വെള്ളിത്തിരയിലും നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ഏറെ കാലം പ്രണയ നൈരാശ്യവുമായി നടന്ന സല്‍മാന്‍ കഴിഞ്ഞ ദിവസം തന്റെ വിവാഹം വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിജയം നല്‍കിയ സിനിമകളാകട്ടെ എല്ലാം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ റീമേക്കുകളും. അത്‌കൊണ്ട് തന്നെ വീണ്ടും ഇത്തരം ചിത്രങ്ങളില്‍ തന്നെ കണ്ണു വെയ്്ക്കുകയാണ് സല്‍മാന്‍ എന്നാണ് വാര്‍ത്തകള്‍.

തെലുങ്കു ചിത്രത്തിന്റെ റീമേക്കായിരുന്നു ‘റെഡി’ എന്ന ചിത്രം. അസിന്‍ നായികയായ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. സല്‍മാന്റെ പുതിയ ചിത്രമായ ‘ബോഡിഗാര്‍ഡ്’ മലയാളത്തില്‍ നിന്നും റീമേക്ക് ചെയ്തതാണ്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.

2008ല്‍ ഇറങ്ങിയ റൊമാന്റിക് കോമഡി ‘കന്ദിരീഗാ’ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കിന് സല്‍മാന്‍ മുന്‍കൈയ്യെടുത്ത് ശ്രമിക്കുന്നതായാണ് വാര്‍ത്തകള്‍. ചിത്രത്തിന്റെ പ്രിന്റ് അയച്ചു തരാന്‍ സല്‍മാന്റെ സഹോദരന്‍ ആവശ്യപ്പെട്ടതായി കന്ദീരീഗായുടെ നിര്‍മ്മാതാവ് ബെല്ലംകോണ്ട സുരേഷ്് വെളിപ്പെടുത്തി. സല്‍മാനെ കൂടാതെ ബോളിവുഡില്‍ നിന്നുള്ള ചില സംവിധായകരും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും തീരുമാനം ആയിട്ടില്ലെന്നും സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്.

സല്‍മാന്‍ ഇപ്പോള്‍ ശസ്ത്രക്രിയക്ക് വിധേയനായി അമേരിക്കയില്‍ വിശ്രമത്തിലാണ്.