എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കെജ്‌രിവാളിനോട് സല്‍മാന്‍ ഖാന്‍
എഡിറ്റര്‍
Wednesday 15th January 2014 5:02pm

salman-khan

മുംബൈ: ദല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഉപദേശം.

ജനങ്ങളെ നിരാശരാക്കരുതെന്നും വാഗ്ദാനങ്ങള്‍ എത്രയും പെട്ടെന്ന് പാലിക്കണമെന്നുമാണ് സല്‍മാന്റെ ഉപദേശം. തന്റെ പുതിയ ചിത്രം ജയ് ഹോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകായിരുന്നു സല്ലു.

രാഷ്ട്രീയം മോശമാണെന്ന് കരുതുന്നവര്‍ അതിലേക്ക് കടന്ന് വന്ന് നന്നാക്കണമെന്നും സല്‍മാന്‍ പറഞ്ഞു. രാഷ്ട്രീയം മലീമസമാണെന്നാണ് പൊതുവേയുള്ള ധാരണ. അതിനാല്‍ തന്നെ ആര്‍ക്കും രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്പര്യമില്ല. ഞാന്‍ പറയുന്നത്, നല്ല മനുഷ്യര്‍ രാഷ്ട്രീയത്തില്‍ വന്ന് നന്നാക്കണമെന്നാണ്. സല്‍മാന്‍ പറയുന്നു.

പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ കെജ്‌രിവാള്‍ ബാധ്യസ്ഥനാണ്. ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വിജയിപ്പിച്ചത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സാധാരണ നടത്താറുള്ള പൊയ്‌വാക്കുകളായി കെജ്‌രിവാളിന്റെ വാഗ്ദാനങ്ങളെ താന്‍ കരുതുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിജയിച്ചാല്‍ പാലിക്കാറില്ലെന്നും സല്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പുകഴ്ത്തിയും സല്‍മാന്‍ രംഗത്തെത്തിയിരുന്നു. മോദി മഹാനാണെന്നും ഗുജറാത്തിലേത് പോലെ വികസനം താന്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലെന്നുമായിരുന്നു സല്‍മാന്റെ പരാമര്‍ശം.

അഹമ്മദാബാദില്‍ നടത്തിയ കൈറ്റ് ഫെസ്റ്റിവലിന് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു താരത്തിന്റെ പരാമര്‍ശം. തന്റെ പുതിയ ചിത്രം ജയ്‌ഹോയുടെ പ്രൊമോഷണല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ എത്തിയതായിരുന്നു സല്‍മാന്‍.

Advertisement