കറാച്ചി: വാതുവെപ്പ കേസില്‍ ബ്രിട്ടന്‍ ജയിലില്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് ഉടന്‍ ജയില്‍ മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ സുല്‍ഫിക്കര്‍ അറിയിച്ചു.

കഴിഞ്ഞ നവംബറിലാണ് ബട്ടിനെ 30 മാസത്തെ തടവിന് കോടതി ശിക്ഷിച്ചത്. 2010 ഓഗസ്റ്റില്‍ ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് മത്സരത്തില്‍ ഒത്തുകളി നടത്തിയയെന്നായിരുന്നു ബട്ടിനെതിരെയുള്ള ആരോപണം. ബട്ടിനൊപ്പം മുഹമ്മദ് ആസിഫും മുഹമ്മദ് അമീറും ഏജന്റ് മസ്ഹര്‍ മജീദിന്റെ കയ്യില്‍ നിന്നും പണം വാങ്ങി നോബോളുകള്‍ എറിയാന്‍ കൂട്ടുനിന്നെന്നതായിരുന്നു കേസ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആറ് മാസത്തെ തടവ് കഴിഞ്ഞ് അമീര്‍ ജയില്‍ മോചിതനായത്. ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ച മുഹമ്മദ് ആസിഫ് കഴിഞ്ഞമാസവും പുറത്തിറങ്ങി. ഇന്ന് രാത്രി തന്നെ ബട്ട് പുറത്തിറങ്ങുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹത്തിന്റെ പിതാവ് സുല്‍ഫിക്കര്‍ അറിയിച്ചു.

ബട്ടിന്റെ ജയിലിലെ പെരുമാറ്റം കണക്കിലെടുത്താണ്  പെട്ടെന്ന് തന്നെ ജയില്‍ മോചിതനാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം അവസാനം ബട്ടിന്റെ ഭാര്യയും കുഞ്ഞും അദ്ദേഹത്തെ ബ്രിട്ടനിലെ ജയിലില്‍ പോയി കണ്ടിരുന്നു.