ദോഹ: ഒത്തുകളിവിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പാക് താരങ്ങള്‍ക്കും ഐ.സി.സി വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ക്കാണ് വിലക്ക്.

സല്‍മാന്‍ ബട്ടിന് പത്തുവര്‍ഷവും ആസിഫിന് ഏഴുവര്‍ഷവും ആമിറിന് അഞ്ചുവര്‍ഷവുമാണ് വിലക്ക്. ഇതില്‍ ബട്ടിന് അഞ്ചുവര്‍ഷവും ആസിഫിന് രണ്ടുവര്‍ഷവും നലനടപ്പു ശിക്ഷയാണ്. ഇതോടെ ഐ.സി.സിയുടെ അംഗീകാരമുള്ള അന്താരാഷ്ട്ര മല്‍സരങ്ങളിലൊന്നും കളിക്കാന്‍ മൂവര്‍ക്കും കഴിയില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കോഴപ്പണം വാങ്ങി ഒത്തുകളിച്ചു എന്നതായിരുന്നു മൂവര്‍ക്കുമെതിരായ ആരോപണം. തുടര്‍ന്ന് കേസന്വേഷണത്തിന് ഐ.സി.സി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.