സല്ലുവിന് ഇനി സംവിധായകനാകണം പോലും. അമീറിന്റെ കൂടെ നടക്കുന്നതു കണ്ടപ്പോഴേ തോന്നിയതാ വേണ്ടാത്ത മോഹങ്ങളൊക്കെ തോന്നുമെന്ന് . പക്ഷേ ഒന്ന് മനസ്സിലുണ്ടാവുന്നത് നല്ലതാ, ചെമ്മീന്‍ തുള്ളിയാല്‍ ….

നടന്‍ എന്നതിനു പുറമേ താനൊരു ചിത്രകാരനും എഴുത്തുകാരനുമാണെന്ന് പറഞ്ഞ് പണ്ട് ചിത്രകല പഠിക്കാന്‍ പോയത് മനസ്സില്‍ വെക്കുന്നത് നന്നായിരിക്കും. മുംബൈയിലെ ജെ.ജെ സ്‌ക്കൂളില്‍ പോയതും അവിടെ തിരിച്ച് വീട്ടിലെക്കോടിയതും. ഓര്‍മയുണ്ടോ സല്ലൂ ആ കാലം. മറന്നൂ അല്ലേ! ഇതാ പറയുന്നത് ഓര്‍മകളുണ്ടാകണമെന്ന്.

പിന്നെ തിരക്കഥ എഴുതാന്‍ പോയി. അതൊക്കെ വിവരമുള്ളവര്‍ക്ക് പറ്റിയ പണിയാണെന്ന് മനസ്സിലായത് വീര്‍ പുറത്തിറങ്ങിയപ്പോഴാണ്. എങ്ങനെ എഴുതി ബോറാക്കാം എന്നതിന് ഉത്തമ ഉദാഹരണമല്ലേ സല്ലുവിന്റെ കഥ.
സംഗതി ഇതൊക്കെയാണെങ്കിലും വീഴ്ചകള്‍ വിജയത്തിന്റെ ചവിട്ടുപടിയാണെന്നും പറഞ്ഞ് ഇപ്പൊള്‍ സംവിധായകനാകാന്‍ പോകുകയാണെന്ന്. അഭിനയം പോലെല്ല. സംവിധാനം വിവരമുള്ളവര്‍ക്ക് പറ്റിയ പണിയാ സല്ലൂ.

ഇങ്ങനെ അക്കരപ്പച്ച നോക്കി നടന്നാല്‍ മതിയോ ആദ്യം അഭിനയമെന്താണെന്ന് പഠിക്ക്. എന്നിട്ട് പോരെ സംവിധാനം? ഇനി നനഞ്ഞതല്ലേ കുളിച്ച് കയറിക്കളയാമെന്ന് വിചാരിച്ചിട്ടാണെങ്കില്‍ ആയിക്കോളൂ. ബോളീവുഡിന് ഒരു ചവറ് കൂടി കിട്ടും, അല്ലാതെ മെച്ചമൊന്നുമുണ്ടാകുമെന്ന് ഇപ്പൊഴത്തെ കാലാവസ്ഥ കണ്ടിട്ട് തോന്നുന്നില്ല.