എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശങ്ങളില്‍ അപ്പീല്‍ നല്‍കാമെന്ന് സര്‍ക്കാറിന് നിയമോപദേശം
എഡിറ്റര്‍
Sunday 30th March 2014 5:22pm

oommenchandy-4

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസിലെ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരായി അപ്പീല്‍ നല്‍കാവുന്നതാണെന്ന് സര്‍ക്കാറിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.

കേസ് സി.ബി.ഐക്ക് വിടുന്നതിനോട് അനുകൂലനിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയേയും ഓഫീസിനേയും വിമര്‍ശനവിധേയമാക്കിയതിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നിയമോപദേശം.

വിമര്‍ശനം നടത്തിയ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ സിംഗിള്‍ ബെഞ്ചില്‍ റിവ്യൂഹര്‍ജി സമര്‍പ്പിക്കുന്നത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നതിനാലാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്.

എന്നാല്‍ അപ്പീല്‍ എപ്പോള്‍ നല്‍കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് പരാമര്‍ശം നീക്കാനായാല്‍ ഗുണകരമായേക്കുമെന്നാണ്  സര്‍ക്കാര്‍ വിലയിരുത്തല്‍.

സലീം രാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പുകേസ് സിബിഐ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേയും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു.

പഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയാണെന്നും കോടതി കുറ്റപ്പെടുത്തുകയും ചെയ്തു. അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിരുന്നു.

അതേസമയം ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ കരണത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും വിഎസ് ഇടുക്കിയില്‍ പറഞ്ഞു.

Advertisement