എഡിറ്റര്‍
എഡിറ്റര്‍
സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാടില്‍ വ്യാപക ക്രമക്കേടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 26th November 2013 7:15am

salim-raj

തിരുവനന്തപുരം: മുഖ്യമന്തി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാടുകളില്‍ വ്യപക ക്രമക്കേടെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.

വില്ലേജ് ഓഫീസര്‍ മുതല്‍ ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ വരെ ക്രമക്കേടിന് കൂട്ട് നിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൈക്കോടതി  നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം കടകംപള്ളിയിലെയും എറണാകുളം കളമശേരിയിലെയും ഭൂമി തട്ടിപ്പുകളെ കുറിച്ചാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു അന്വേഷണം നടത്തിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ വഴി വിട്ടുള്ള സഹായങ്ങള്‍ക്ക് ഒട്ടേറെ തെളിവുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കടകംപള്ളിയില്‍ വില്ലേജ് ഓഫീസര്‍ മുതലുള്ളവര്‍ ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കണയന്നൂര്‍ അഡീഷണല്‍ തഹസീല്‍ദാര്‍ കൃഷ്ണകുമാരി, തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസര്‍ കെ.സെ്. സാബു എന്നിവരാണ് കളമശേരിയില്‍ തട്ടിപ്പിന് സഹായിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തു. വാസ്തവ വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ഇരുവരും സമര്‍പ്പിച്ചത്.

കളക്ട്രേറ്റിലെ ജൂനിയര്‍ സൂപ്രണ്ട്, ലാന്‍ഡ് റവന്യൂ ഡപ്യൂട്ടി കളക്ടര്‍ എന്നിവരും ക്രമക്കേടുകള്‍ക്ക് കൂട്ടു നിന്നു. കമ്മീഷണറുമായി കൂടിയാലോചിക്കാതെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തണ്ടപ്പേര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

സലിംരാജ്, ഭാര്യ ഷംസാദ് എന്നിവരുള്‍പ്പെടെ പതിനാറ് പേരില്‍ നിന്ന് മൊഴിയെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ പദവി പരിഗണിക്കുമ്പോള്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാല്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisement