ആലുവ:’ഇത്തവണ കേരളത്തില്‍നിന്ന് ഹജ്ജിന് പോകുന്നവരുടെ കൂട്ടത്തില്‍ എന്റെയൊരു പ്രതിനിധിയുമുണ്ടാകും’. അവാര്‍ഡുസങ്കല്‍പത്തെ പൊളിച്ചെഴുതിക്കൊണ്ട് ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട സലിംകുമാറെന്ന നടന്റെതാണ് ഈ വാക്കുകള്‍. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടതാണ് ഈ ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പരിശുദ്ധമായ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍കൊതിച്ച് അത് നിര്‍വഹിക്കാന്‍ കഴിയാതെ പോകുന്ന ഒരു സത്യവിശ്വാസിയുടെ ആത്മനൊമ്പരമെന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു ചിത്രീകരണദിനങ്ങള്‍. ഒരു വിശ്വാസിയെന്ന നിലയ്ക്ക് മറ്റൊരു വിശ്വാസിയുടെ ആത്മനൊമ്പരം തിരിച്ചറിയാന്‍ എനിക്ക് സാധിക്കും’-സലിം കുമാര്‍ പറയുന്നു.

ഹജ്ജ് എന്ന വിശുദ്ധകര്‍മത്തെക്കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല. അവാര്‍ഡു നിര്‍ണയത്തിലെ സുതാര്യത പോലെത്തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഹജ്ജിന് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതെന്നും തന്നെസംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ അജ്ഞനായതിനാല്‍ അര്‍ഹതപ്പെട്ടവരെ തെരഞ്ഞെടുക്കാന്‍ മുസ്ലിംലീഗ് നേതാവ് ഡോ.എം.കെ.മുനീറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പറവൂരിലെ വീട്ടില്‍വെച്ച് ടി.വി.ചാനലിലൂടെയാണ് അദ്ദേഹം അവാര്‍ഡു ലഭിച്ച വിവരമറിഞ്ഞത്.

നാലു ദേശീയ അവാര്‍ഡുകള്‍ ലഭിച്ച ഈ സിനിമയില്‍ സലിം കുമാര്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ജീവിക്കുകയാണ് ചെയ്തത്.