മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സലിംകുമാര്‍ നിര്‍മ്മാതാവാകുന്നു. മുഴുനീള ഹാസ്യചിത്രമാണ് സലിംകുമാര്‍ നിര്‍മ്മിക്കുന്നത്.

തന്റെ ചിത്രം പതിവ് കോമഡി ട്രാക്കില്‍ നിന്നും വേറിട്ടതായിരിക്കുമെന്ന് സലിംകുമാര്‍ പറയുന്നു. ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കും.

സലിംകുമാറിന്റെ നിര്‍മ്മാണ വിതരണ കമ്പനിയായ ലാഫിംങ് വില്ലയാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രദീപ് കാവുന്തറയുടേതാണ് തിരക്കഥ. സംവിധായകന്‍ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും സലിംകുമാര്‍ വ്യക്തമാക്കി.

അതേസമയം ലാഫിംങ് വില്ല ആദ്യമായി വിതരണം ചെയ്ത ആദാമിന്റെ മകന്‍ അബു ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. അവാര്‍ഡ് പടങ്ങള്‍ സര്‍ക്കാര്‍ തിയ്യേറ്ററുകളിലെ ഉച്ചപ്പടങ്ങളായി ഒതുങ്ങുന്ന കാലത്ത് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബു 60 തിയ്യേറ്ററുകളിലാണ് റീലീസ് ചെയ്യുന്നത്.