ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിനു ശേഷം സലിംകുമാര്‍ വീണ്ടും നായകവേഷത്തിലെത്തുന്നു. അലന്‍സ് മീഡിയയുടെ ബാനറില്‍ നവാഗതനായ സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലാണ് സലിംകുമാര്‍ നായകനായെത്തുന്നത്.

Subscribe Us:

ചാമരം,മദനോത്സവം തുടങ്ങിയ ചിത്രങ്ങളില്‍ കമലഹാസന്റെയും പ്രതാപ് പോത്തന്റെയും നായികയായി തിളങ്ങിയ സറീന വഹാബാണ് ചിത്രത്തിലെ നായിക. വടക്കേമലബാറിലെ യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മതത്തിന്റെ മതില്‍കെട്ടിനകത്തു ജീവിക്കുന്ന കഥാപാത്രമായാണ് സെറീന വഹാബ് എത്തുന്നത്.

കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കുമിടയിലും ഹജ്ജുയാത്ര സ്വപ്‌നം കാണുന്ന ഭര്‍ത്താവിനു താങ്ങായി നില്‍ക്കുന്ന അയിശുമ്മ എന്ന കഥാപാത്രം ഏറെ പ്രതീക്ഷ നല്കുന്നതാണെന്ന് അവര്‍ പറഞ്ഞു.

മധു അമ്പാട്ട് ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രമേശ് നാരായണനാണ്. മുകേഷ്, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.