മട്ടന്നൂര്‍ ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ആദാമിന്റെ മകന്‍ അബു ഓസ്‌കാര്‍ വേദിയിലെത്തിക്കാന്‍ സര്‍ക്കാരിന്റേയും ഫിലിം അസോസിയേഷന്റേയും സഹായം തേടുമെന്ന് സംവിധായകന്‍ സലിം അഹമ്മദ്. വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കാമെന്ന് നടന്‍ സലിംകുമാര്‍ വാക്കുതന്നതായും സലിം അഹമ്മദ് വ്യക്തമാക്കി.

സാമ്പത്തികമായി പ്രയാസം നേരിടുന്ന സലിം അഹമ്മദ് ചെലവുകുറച്ചാണ് വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം സിനിമ നിര്‍മിച്ചത്. പബ്ലിസിറ്റിയടക്കം ചിത്രത്തിനുവേണ്ടി ആകെ ചിലവായത് 1.60 കോടിയാണ്. മട്ടന്നൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന സലിം അഹമ്മദ് വളരെ ബുദ്ധിമുട്ടിയാണ് ചിത്രം എടുത്തത്.

ഓസ്‌കാറിനു ചിത്രത്തെ അയക്കുന്നതിനു പ്രസ്‌ഷോ, പബ്ലിസിറ്റി, യാത്രാചെലവ് ഉള്‍പ്പെടെ രണ്ടുകോടിയോളം ചെവാകും. സര്‍ക്കാരില്‍ നിന്നും മറ്റും തുക ലഭിക്കുന്നതിനുള്ള നടപടിയെടുത്തതിനു ശേഷം കുടുംബക്കാരുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. എത്ര കഷ്ടപ്പെട്ടും സിനിമ ഓസ്‌കാര്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് അഹമ്മദ് പറഞ്ഞു.

എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടത് അറിയുന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണുള്ളതെന്നും ഇതുപോലെയുള്ള മറ്റൊരു സിനിമയുടെ കഥ എഴുതുന്നുണ്ടെന്നും സലിം അഹമ്മദ് പറഞ്ഞു.

ആദാമിന്റെ മകന്‍ അബുവിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ചെന്നൈ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ ചേര്‍ന്ന ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് കമ്മിറ്റിയാണ് ഇന്നലെ സിനിമയെ ഓസ്‌ക്കാര്‍ മത്സരവേദിയിലേക്കു തെരഞ്ഞെടുത്തത്.

്അതിനിടെ, ആദാമിന്റെ മകന്‍ അബുവിനെ ഗര്‍ഭത്തില്‍ വച്ചുതന്നെ ഞെക്കിക്കൊല്ലാന്‍ ശ്രമിച്ച സിനിമയിലെ കപടന്മാര്‍ക്കുള്ള മറുപടിയാണ് ചിത്രത്തെ ഓസ്‌കറിനുളള ഇന്ത്യന്‍ എന്‍ട്രികളില്‍ ഉള്‍പ്പെടുത്തിയതെന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സലിംകുമാര്‍ പറഞ്ഞു.

ഒന്ന് ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടാല്‍ അതിന്റെ വിധി മാറ്റിയെഴുതാന്‍ ആര്‍ക്കുമാകില്ല. അബുവിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത് അതിന്റെ തെളിവാണെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.